25 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം

ദില്ലി: ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം മെയ് മാസത്തില്‍ 25 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.25 ശതമാനമായി കുറഞ്ഞു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലില്‍ 4.7 ശതമാനമായിരുന്നു. 2022 മെയ് മാസത്തില്‍ പണപ്പെരുപ്പം 7.04 ശതമാനമായിരുന്നു.

തുടര്‍ച്ചയായി നാലാം മാസമാണ് ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറയുന്നത്. മാത്രമല്ല, ആര്‍ബിഐയുടെ കംഫര്‍ട്ട് സോണില്‍ അതായത് 6 ശതമാനത്തില്‍ താഴെ തുടരുന്നത് തുടര്‍ച്ചയായ മൂന്നാം മാസമാണ്. 2021 ഏപ്രിലില്‍ 4.23 ശതമാനമായതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.

ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം മേയില്‍ 2.91 ശതമാനമായിരുന്നു, ഏപ്രിലിലെ 3.84 ശതമാനത്തേക്കാള്‍ കുറവാണ് ഇത്. ഭക്ഷ്യ വിലക്കയറ്റം കുറഞ്ഞത് പണപ്പെരുപ്പം കുറയാന്‍ കരണമാക്കിയിട്ടുണ്ട്. ഇന്ധനത്തിന്റെയും വൈദ്യുതിയുടെയും വിലക്കയറ്റം ഏപ്രിലിലെ 5.52 ശതമാനത്തില്‍ നിന്ന് മേയില്‍ 4.64 ശതമാനമായി കുറഞ്ഞു.

കഴിഞ്ഞ ആഴ്ച, റിസര്‍വ് ബാങ്ക് പോളിസി നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിരുന്നു, 6.5 ശതമാനമാണ് റിപ്പോ നിരക്ക്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ റീട്ടെയില്‍ പണപ്പെരുപ്പം ശരാശരി 5.1 ശതമാനമായി കണക്കാക്കുന്നു

Top