യുദ്ധത്തിനും തയ്യാറെന്ന ഇന്ത്യന്‍ നിലപാട് ചൈനയ്ക്ക് അപ്രതീക്ഷിതം

രു രാജ്യത്തിന് ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അംഗീകാരമാണ് ഇന്ത്യയ്ക്കിപ്പോള്‍ ലഭിച്ചിരിക്കുന്നത്. ചൈനയെ പ്രതിരോധത്തിലാക്കിയ ഇന്ത്യന്‍ നീക്കത്തെ ലോകരാജ്യങ്ങള്‍ ആവേശത്തോടെയാണ് നോക്കി കാണുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളിലും ഇത് വ്യക്തമാണ്. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ഇസ്രയേല്‍, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിരോധ വിദഗ്ദരെ പോലും അത്ഭുതപ്പെടുത്തിയ കരുനീക്കങ്ങളാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ഇതാണ് ഇന്ത്യയുമായി ഒത്തു തീര്‍പ്പ് ചര്‍ച്ചയ്ക്ക് ചൈനയെ നിര്‍ബന്ധിതമാക്കിയിരുന്നത്. റഷ്യയില്‍ വച്ച് അത് സാധ്യമാകുകയും ചെയ്തു. ചൈന വീണ്ടും പ്രകോപനത്തിന് മുതിര്‍ന്നാല്‍ തിരിച്ചടിക്കാന്‍ തന്നെയായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ തീരുമാനം. പാക്കിസ്ഥാനെ മുന്‍ നിര്‍ത്തി പ്രകോപനമുണ്ടാക്കി, സമ്മര്‍ദ്ദം ചെലുത്താമെന്ന ചൈനയുടെ കണക്കു കൂട്ടലും പാളുകയുണ്ടായി.

ശക്തമായ ഭാഷയില്‍ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയ ഇന്ത്യ പാക്ക് അധീന കശ്മീര്‍ പിടിച്ചെടുക്കുമെന്ന സന്ദേശമാണ് അവര്‍ക്ക് നല്‍കിയിരുന്നത്. ചൈനയ്ക്ക് പാക്ക് അധീന കശ്മീരിലും അതിര്‍ത്തിയുണ്ട്. ഒരേ സമയം രണ്ടു ശത്രുക്കളെ നേരിടാന്‍ തയ്യാറാണെന്ന ഇന്ത്യന്‍ നിലപാടാണ് ചൈനയെ ഞെട്ടിച്ചു കളഞ്ഞത്. നഷ്ടപ്പെടാന്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ ഉള്ളതും ആ രാജ്യത്തിന് തന്നെയാണ്. ഇതും അവരെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ച ഘടകമാണ്. അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ ജൂണ്‍ അവസാനത്തോടെ ഇന്ത്യന്‍ സേന പ്രതിരോധ ശ്രമങ്ങളില്‍ നിന്നും പിന്‍മാറുമെന്നായിരുന്നു മിക്ക രാജ്യങ്ങളും കരുതിയിരുന്നത്. ഇക്കാര്യം ദ സണ്‍ഡേ ഗാര്‍ഡിയനും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോക രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികളുടെ ഈ കണക്ക് കൂട്ടലുകളെയാണ് ഇന്ത്യ തകര്‍ത്തത്. നേരെ വിപരീത കാര്യങ്ങളാണ് പിന്നീട് അതിര്‍ത്തിയില്‍ സംഭവിച്ചത്.

ചൈനീസ് അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ പ്രദേശങ്ങളാണ് ഇപ്പോള്‍ ഇന്ത്യ പിടിച്ചെടുത്തിരിക്കുന്നത്. ഏറ്റുമുട്ടല്‍ നടക്കുകയാണെങ്കില്‍ ഇന്ത്യക്ക് മേല്‍ക്കോയ്മ നല്‍കാന്‍ കഴിയുന്ന പ്രദേശങ്ങളാണിത്. ചൈനയെ ഞെട്ടിച്ച സൈനിക മുന്നേറ്റമായിരുന്നു ഇത്. ഏഷ്യയെ തന്നെ തങ്ങളുടെ അധീനതയിലാക്കാമെന്ന ചൈനീസ് അഹങ്കാരത്തിനേറ്റ പ്രഹരമാണിത്. ഈ മുന്നേറ്റം മറ്റു രാജ്യങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ആവേശവും വളരെ വലുതാണ്. മേഖലയില്‍ ഇനി ഇന്ത്യയുടെ നിലപാടുകള്‍ക്കൊപ്പമായിരിക്കും ചൈനയുടെ ശത്രുരാജ്യങ്ങളും നിലപാട് സ്വീകരിക്കുക. 14 രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ചൈന. ഇതുവരെ അവര്‍ അയല്‍ക്കാരോട് സ്വീകരിച്ചിരുന്നത് മുഷ്ടി ചുരുട്ടലാണ്. തായ് വാന്‍, വിയറ്റ്‌നാം,ഹോങ്കോങ്ങ്, ജപ്പാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ അത് ശരിക്കും അനുഭവിച്ചവരാണ്. ഫിലിപ്പീന്‍സിനെ പോലും ചൈന വെറുതെ വിടുന്നില്ലെന്നതും നാം ഓര്‍ക്കണം. ഈ രാജ്യങ്ങളോട് കാട്ടിയ ധാര്‍ഷ്ട്യമാണ് ഇന്ത്യയ്‌ക്കെതിരെയും കാണിക്കാന്‍ ചൈന ശ്രമിച്ചത്. എന്നാല്‍ ശക്തമായി ഇന്ത്യ നീങ്ങിയത് ചൈനയുടെ സകല കണക്ക് കൂട്ടലുകള്‍ക്കും അപ്പുറമാണ്.

മുന്‍പ് ദോക്‌ലാമില്‍ നിന്നും പിന്‍മാറേണ്ടി വന്നത് തന്നെ ഒരു തുടക്കമായിരുന്നു. ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ അടുത്തയിടെയുണ്ടായ ഏറ്റുമുട്ടലില്‍ 43 ചൈനീസ് സൈനികരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ പക്ഷത്തുണ്ടായ നഷ്ടത്തേക്കാള്‍ ഇരട്ടി വരുമിത്. ചൈന ഇക്കാര്യം ഇതുവരെ സമ്മതിച്ചിട്ടില്ലെങ്കിലും ലോകം ഈ യാഥാര്‍ത്ഥ്യം അംഗീകരിച്ചു കഴിഞ്ഞു. പാക്കിസ്ഥാനാണ് ചൈനക്കൊപ്പമുള്ളതെങ്കില്‍ ചൈനയുടെ 14 അയല്‍ രാജ്യങ്ങളില്‍ 12 ഉം ഇന്ത്യയ്‌ക്കൊപ്പമാണുള്ളത്. റഷ്യയാവട്ടെ ഇന്ത്യയുടെ ഏറ്റവും ശക്തരായ പങ്കാളിയുമാണ്. പരസ്പരം ശത്രുത പുലര്‍ത്തുന്ന അമേരിക്കയും റഷ്യയും ഇന്ത്യയുടെ സുഹൃത്തുക്കളാണ് എന്നത് തന്നെ ഇന്ത്യയ്ക്ക് വലിയ പിന്‍ബലമാണ്. അമേരിക്കയെ എതിര്‍ക്കാന്‍ ചൈനയ്‌ക്കൊപ്പം നില്‍ക്കുന്ന റഷ്യ ഇന്ത്യയുടെ കാര്യത്തില്‍ പിന്‍വലിഞ്ഞത് ചൈനയ്ക്കും അപ്രതീക്ഷിതമല്ല. സോവിയറ്റ് യൂണിയന്റെ കാലത്ത് തുടങ്ങിയ അടുപ്പമാണ് റഷ്യയായി മാറിയപ്പോഴും ഇന്ത്യ നിലനിര്‍ത്തി പോരുന്നത്. ഇന്ത്യ -പാക്ക് യുദ്ധകാലത്ത് പാക്കിസ്ഥാനെ സഹായിക്കാന്‍ എത്തിയ അമേരിക്കന്‍ പട കപ്പലുകളെ തിരിച്ചയച്ചത് സോവിയറ്റ് പടകപ്പലുകളായിരുന്നു. ചരിത്രത്തിലെ ആവേശകരമായ സംഭവമാണിത്.

ഇന്ത്യന്‍ സൈന്യവും റഷ്യന്‍ സൈന്യവുമായുള്ളതും വൈകാരികമായ അടുപ്പമാണ്. ഇന്ത്യന്‍ പ്രതിരോധ സംവിധാനം തന്നെ റഷ്യന്‍ ടെക്‌നോളജിയില്‍ കെട്ടിപ്പടുത്തതുമാണ്. ലോകത്തിലെ പ്രധാന വിപണികളില്‍ ഒന്നായ ഇന്ത്യയെ അമേരിക്കയ്ക്കും ഇനി ആവശ്യമാണ്. പഴയ ഇന്ത്യയല്ല പുതിയ ഇന്ത്യയെന്ന് ആദ്യം തിരിച്ചറിഞ്ഞതും അമേരിക്കയാണ്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജ കമല ഹാരിസിനെ ഡെമോക്രാറ്റിക്കുകള്‍ പ്രഖ്യാപിച്ചതും വ്യക്തമായ ലക്ഷ്യത്തോടെ തന്നെയാണ്. ട്രംപ് മോദിയുമായി രണ്ട് പൊതുവേദികള്‍ പങ്കിട്ടതും ഇന്ത്യന്‍ പിന്തുണ ഉറപ്പിക്കാനായിരുന്നു. അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള കഴിവ് അവിടുത്തെ ഇന്ത്യന്‍ വംശജര്‍ക്കുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അമേരിക്കയില്‍ ഇനി ഏത് ഭരണകൂടം അധികാരത്തില്‍ വന്നാലും ഇന്ത്യയോടുള്ള അടുപ്പത്തില്‍ മാറ്റം വരാന്‍ ഒരു സാധ്യതയുമില്ല. എന്നാല്‍ ചൈനയുടെ അവസ്ഥ അതല്ല അവരിപ്പോള്‍ കൂടുതല്‍ അടുപ്പം സ്ഥാപിച്ച ഇറാന്‍, ശ്രീലങ്ക, നേപ്പാള്‍ രാജ്യങ്ങള്‍ പോലും ഇന്ത്യയ്‌ക്കെതിരെ ശക്തമായ ഒരു നിലപാട് സ്വീകരിക്കുകയില്ല. ഇന്ത്യയുമായി സംഘര്‍ഷം ആഗ്രഹിക്കാത്ത രാജ്യമാണ് ഇറാന്‍. നേപ്പാള്‍, ശ്രീലങ്ക ഭരണകൂടങ്ങള്‍ സാഹസത്തിന് മുതിര്‍ന്നാല്‍ ആ ഭരണകൂടങ്ങള്‍ തന്നെയാണ് അട്ടിമറിക്കപ്പെടുക. ഈ രാജ്യങ്ങളിലെ സൈന്യത്തിലും ജനങ്ങളിലും അത്രയ്ക്കും ശക്തമായ സ്വാധീനമാണ് ഇന്ത്യയ്ക്കുള്ളത്.

ടിബറ്റന്‍ വംശജരെ ഉള്‍പ്പെടുത്തി ഇന്ത്യ രൂപീകരിച്ച സ്‌പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സും ചൈനയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കൊടും തണുപ്പിലും ചോരാത്ത പോരാട്ട വീര്യമാണ് ഇവരുടേത്. ചൈനീസ് സേനയുടെ തലയ്ക്കു മുകളിലെ മലനിരകളില്‍ നിറതോക്കുകളുമായാണ് ഫ്രോണ്ടിയര്‍ ഫോഴ്‌സ് നില്‍ക്കുന്നത്. ചൈനീസ് യുദ്ധ വിമാനങ്ങള്‍ക്ക് പോലും ഈ സൈനികര്‍ വലിയ ഭീഷണിയാണ്. ഭൂമി ശാസ്ത്രപരമായ ഈ മേല്‍ക്കോയ്മ ഇന്ത്യന്‍ സേനയുടെ ആത്മവിശ്വാസമാണ് വര്‍ധിപ്പിക്കുന്നത്. ചൈനീസ് പട്ടാളത്തിന്റെ എ.കെ 47 തോക്കുകളെ ചെറുക്കാന്‍ ശേഷിയുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും അണിയറയില്‍ റെഡിയായി കൊണ്ടിരിക്കുകയാണ്. ലോക നിലവാരത്തിലുള്ള ജാക്കറ്റുകളാണിത്. എ.കെ 47ന്റെ പുതിയ പതിപ്പായ എ.കെ 47 – 203 റൈഫിളുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുവാന്‍ റഷ്യയുമായും ഇന്ത്യ കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. ഫ്രാന്‍സിന്റെ കൂടുതല്‍ റഫാല്‍ വിമാനങ്ങളും അധികം താമസിയാതെ ഇന്ത്യയിലെത്തും. നിലവിലുള്ള 5 എണ്ണവും ചൈന – പാക്ക് അതിര്‍ത്തികള്‍ ലക്ഷ്യമിട്ടാണ് വിന്യസിച്ചിരിക്കുന്നത്. റഷ്യന്‍ നിര്‍മ്മിത മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്. 400 ട്രയംഫ് എത്രയും പെട്ടന്ന് ലഭ്യമാക്കാനും കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ചൈനയുടെ കൈവശമുള്ളതിനേക്കാള്‍ പ്രഹരശേഷി കൂടിയതാണ് ഇന്ത്യയ്ക്ക് ലഭിക്കുന്ന എസ് 400 എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ പ്രതിരോധ സംവിധാനങ്ങള്‍ കൂടി ഇന്ത്യയില്‍ എത്തുന്നതോടെ ചൈനയും പാക്കിസ്ഥാനുമാണ് കൂടുതല്‍ പ്രതിരോധത്തിലാകുക.

Top