India’s NSG bid blocked by China despite Modi’s diplomatic efforts

സോള്‍: ലോക പൊലീസ് ചമയുന്ന അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ശക്തമായ പിന്തുണയുണ്ടായിട്ടും ചൈനയുടെ എതിര്‍പ്പില്‍ ഇന്ത്യക്ക് ആണവ വിതരണ സംഘത്തില്‍ (എന്‍.എസ്.ജി) അംഗത്വം ലഭിച്ചിക്കാതിരുന്നത് മോദിക്ക് പ്രഹരമായി. ചൈനയെ അനുകൂലമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടു നടത്തിയ നയതന്ത്ര നീക്കങ്ങളെല്ലാം പൊളിയുകയായിരുന്നു.

ആദ്യം ഇന്ത്യക്കെതിരെ നിലപാടെടുത്ത ചൈന പിന്നെ ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ക്കില്ലെന്നും പാക്കിസ്ഥാനുകൂടി അംഗത്വം നല്‍കണമെന്ന നിലപാടിലേക്കു മാറിയിരുന്നു. പാക്കിസ്ഥാന്റെ അപേക്ഷ എതിര്‍ക്കില്ലെന്ന് ഇന്ത്യയും അറിയിച്ചു. ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഉസ്‌ബെക്കിസ്ഥാന്‍ തലസ്ഥാനമായ താഷ്‌കെന്റിലത്തെിയ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ജിംപിങ്ങുമായി കൂടിക്കാഴ്ച നടത്തി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യയുടെ അപേക്ഷ എതിര്‍ക്കില്ലെന്നു പറഞ്ഞ ചൈന അവസാന നിമിഷം യോഗത്തില്‍ ഇന്ത്യ വിരുദ്ധ നിലപാടെടുക്കുകയായിരുന്നു.

ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പു വെക്കാത്ത രാജ്യങ്ങളെ എന്‍.എസ്.ജിയില്‍ ഉള്‍പ്പെടുത്തരുത് എന്നാവശ്യപ്പെട്ട ചൈന ഇന്ത്യക്ക് അംഗത്വം നല്‍കരുതെന്ന് വാദിക്കുകയായിരുന്നു. ബ്രസീല്‍, തുര്‍ക്കി, അയര്‍ലന്റ്, ഓസ്ട്രിയ, ന്യൂസിലന്റ് തുടങ്ങിയ രാഷ്ട്രങ്ങള്‍ ചൈനീസ് വാദത്തെ പിന്തുണച്ച് ഇന്ത്യക്കെതിരായ നിലപാടെടുത്തതാണ് ഇന്ത്യയെ ഞെട്ടിച്ചത്. ഇതില്‍ പല രാജ്യങ്ങളുമായും മോദി സര്‍ക്കാരിന് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്.

കൂടുതല്‍ വിദേശയാത്രകള്‍ നടത്തുന്നത് വിദേശരാജ്യങ്ങളുമായി നയതന്ത്ര ബന്ധം ശക്തമാക്കാനാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാദം. എന്നാല്‍ പ്രധാനമന്ത്രി മോദി സന്ദര്‍ശിച്ച രാജ്യങ്ങള്‍പോലും ഇന്ത്യാ വിരുദ്ധ നിലപാടെടുത്തതോടെ ‘പറക്കല്‍’ നയതന്ത്രത്തിന്റെ ചിറകറ്റുകയാണുണ്ടായത്.

Top