ഇന്ത്യയുടെ പുതിയ ടി20 നായകനെ ഉടന്‍ പ്രഖ്യാപിച്ചേക്കും

മുംബൈ: ടി20 ലോകകപ്പോടെ ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന വിരാട് കോലിയുടെ പകരക്കാരനെ അടുത്ത ദിവസങ്ങളില്‍ ബിസിസിഐ പ്രഖ്യാപിച്ചേക്കും എന്ന് റിപ്പോര്‍ട്ട്. ഉപനായകന്‍ രോഹിത് ശര്‍മ്മയ്ക്കാണ് കൂടുതല്‍ സാധ്യതകള്‍ കല്‍പ്പിക്കുന്നത്. എന്നാല്‍ ന്യൂസിലന്‍ഡ് പരമ്പരയില്‍ താരത്തിന് വിശ്രമം അനുവദിക്കാന്‍ സാധ്യതയുള്ളതിനാല്‍ താല്‍ക്കാലിക നായകനേയും ബിസിസിഐ പ്രഖ്യാപിച്ചേക്കും.

ടി20 നായകനെ തെരഞ്ഞെടുക്കുന്നതിനൊപ്പം ന്യൂസിലന്‍ഡ് പരമ്പരയ്ക്കുള്ള താരങ്ങളേയും ബിസിസിഐ പ്രഖ്യാപിക്കും. നവംബര്‍ 17ന് ജയ്പൂരില്‍ ടി20 മത്സരത്തോടെയാണ് ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനം തുടങ്ങുക. 19, 21 തിയതികളില്‍ രണ്ടും, മൂന്നും മത്സരങ്ങള്‍ നടക്കും. നവംബര്‍ 25നും ഡിസംബര്‍ മൂന്നിനുമാണ് രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര തുടങ്ങുക.

യുഎഇയില്‍ പുരോഗമിക്കുന്ന ടി20 ലോകകപ്പോടെയാണ് വിരാട് കോലി ഇന്ത്യന്‍ ടീമിന്റെ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത്. എന്നാല്‍ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനായി കോലി തുടരും. കഴിഞ്ഞ സീസണോടെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകസ്ഥാനവും കോലി ഒഴിഞ്ഞിരുന്നു. അമിത ജോലിഭാരം എന്നായിരുന്നു നായക സ്ഥാനം ഒഴിയുന്നതിന് കാരണമായി കോലി വ്യക്തമാക്കിയിരുന്നുത്.

അതേ സമയം രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തിന്റെ കാലാവധിയും ലോകകപ്പോടെ അവസാനിക്കും. ശാസ്ത്രിക്ക് പകരം രാഹുല്‍ ദ്രാവിഡിനെയാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്.

 

Top