ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഇന്‍സാറ്റ് 3 ഡി.എസ്. ഇന്ന് വിക്ഷേപിക്കും

തിരുവനന്തപുരം: ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഇന്‍സാറ്റ് 3 ഡി.എസ്. ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ വൈകീട്ട് 5.35നാണ് ഉപഗ്രഹത്തിന്റെ വിക്ഷേപണം. കാലാവസ്ഥ പ്രവചനം, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പ്, കാട്ടു തീ തിരിച്ചറിയല്‍, മേഘങ്ങളുടെ സഞ്ചാരം, സമുദ്രത്തിലെ മാറ്റങ്ങള്‍ തിരിച്ചറിയുക തുടങ്ങിയവയ്ക്ക് ഉപഗ്രഹം മുതല്‍ക്കൂട്ട് ആകുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആര്‍ഒ.

ഐഎസ്ആര്‍ഒയുടെ വിക്ഷേപണവാഹനമായ ജി.എസ്.എല്‍.വി. എഫ് 14 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടത്തുക. ജി.എസ്.എല്‍.വി.യുടെ 16-ാമത്തെ വിക്ഷേപണമാണിത്. ഉപഗ്രഹത്തിന് 2,274 കിലോഗ്രാം ഭാരമുണ്ട്. നിര്‍മ്മാണ, വിക്ഷേപണ ചെലവ് 480 കോടി രൂപയാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.05ന് 27.5 മണിക്കൂര്‍ നീണ്ട കൗണ്ട് ഡൗണ്‍ തുടങ്ങിയിരുന്നു. കൗണ്ട് ഡൗണ്‍ പൂര്‍ത്തിയാവുന്നതിനിടെ റോക്കറ്റിന്റെ അവസാനവട്ട സുരക്ഷാപരിശോധനകള്‍ പൂര്‍ത്തിയാക്കും.

Top