പന്ത്രണ്ട് നില കെട്ടിടത്തിന്റെ കൂറ്റന്‍ ഉയരം . . ഇന്ത്യയുടെ ‘അഭിമാനം’ ഇന്ന് കുതിച്ചുയരും

തിരുവനന്തപുരം: ലോകത്തിനു മുന്നില്‍ വിസ്മയം തീര്‍ത്ത് ഇന്ന് വൈകിട്ട് 5.28 ന് ഇന്ത്യയുടെ മാര്‍ക്ക് ത്രീ റോക്കറ്റ് പറന്നുയരും.

കാല്‍ നൂറ്റാണ്ട് നീണ്ട ഐ എസ് ആര്‍ ഒ യുടെ ഗവേഷണമാണ് ഇതോടെ ഫലപ്രാപ്തിയിലെത്തുന്നത്.

ഒരു ചെറിയ പിഴവു പോലും ലക്ഷ്യം ഫലപ്രാപ്തിയിലെത്തുന്നതിന് ഉണ്ടാവാതിരിക്കാന്‍ അതീവ ജാഗ്രതയിലാണ് ഐ എസ് ആര്‍ ഒ ഉദ്യോഗസ്ഥര്‍.

3,136 കിലോഗ്രാം ഭാരമുള്ള ജി സാറ്റ് 1 വാര്‍ത്താവിനിമയ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുകയാണ് ജി.എസ്.എല്‍.വി.മാര്‍ക്ക് മൂന്ന് ഡി- 1 റോക്കറ്റിന്റെ ലക്ഷ്യം.

ഐ എസ് ആര്‍ ഒ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ഭാരം കൂടിയ വാഹനമായ ജി.എസ്. എല്‍.വി മാര്‍ക്ക് മൂന്നില്‍ നിന്ന് ‘കൗണ്ട്ഡൗണിനു’ ശേഷം 15 സെക്കന്റിനുള്ളിലാണ് ഉപഗ്രഹം വേര്‍പെടുക. വിക്ഷേപണ വാഹനത്തിന് 640 ടണ്‍ ആണ് ഭാരം. ഏകദേശം പന്ത്രണ്ടു നില കെട്ടിടത്തിന്റെ ഉയരം വരുമിതിന്.( 43.4 മീറ്ററാണ് ഉയരം)

വിക്ഷേപണത്തിനു മുന്നോടിയായി 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കൗണ്ട് ഡൗണ്‍ ഞായറാഴ്ച 3.58 ന് ആരംഭിച്ചു. ഇന്ന് വൈകീട്ട് 5.28 ന് (16.2 മിനുട്ടില്‍) വിക്ഷേപണം പൂര്‍ത്തിയാകും.

വാര്‍ത്താവിനിമയം, ടെലിവിഷന്‍ സംപ്രേക്ഷണം, അതിവേഗ ഇന്റര്‍നെറ്റ് എന്നിവയ്ക്കായുള്ള 11 അത്യാധുനിക ട്രാന്‍സ്‌പോണ്ടറുകള്‍ വഹിക്കുന്ന ഉപഗ്രഹം ഇന്ത്യയില്‍ നിന്നും വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ്.

അതിവേഗ ഇന്റര്‍നെറ്റിനുള്ള മൂന്ന് ഉപഗ്രഹങ്ങളുടെ ശൃംഖലയിലെ ആദ്യ ഉപഗ്രഹമാണിത്. ഭൂമിയോട് 170 കിലോമീറ്റര്‍ അടുത്തും 36,000 കിലോമീറ്റര്‍ അകന്നുമുള്ള ഭൂസ്ഥിര ഭ്രമണപഥത്തില്‍ പത്തു വര്‍ഷം പ്രവര്‍ത്തിക്കും.

നാല് ടണ്‍ വരെയുള്ള ഉപഗ്രഹങ്ങള്‍ വിദൂര ഭൂഭ്രമണ പഥത്തില്‍ എത്തിക്കാന്‍ ശേഷിയുള്ള മാര്‍ക്ക് ത്രി റോക്കറ്റിന് പത്ത് ടണ്‍ വരെയുള്ള പേലോഡ് സമീപ ഭൂഭ്രമണപഥത്തില്‍ എത്തിക്കാനും കഴിയും. ഇത് ഭാവിയില്‍ ഇന്ത്യക്ക് ബഹിരാകാശ മനുഷ്യ ദൗത്യത്തിന് സഹായകരമാകും. അതു കൊണ്ട് തന്നെയാണ് ലോക രാഷ്ട്രങ്ങള്‍ മുഴുവന്‍ ഈ ചരിത്ര നിമിഷത്തെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

മനുഷ്യ ദൗത്യത്തിനായി 12,500 കോടി രൂപയുടെ പദ്ധതി കേന്ദ്ര സര്‍ക്കാറിന് ഐ എസ് ആര്‍ ഒ സമര്‍പ്പിച്ചിട്ടുണ്ട്. മാര്‍ക്ക് ത്രിയുടെ വിക്ഷേപണത്തിനു ശേഷം ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.

അമേരിക്ക, റഷ്യ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കു മാത്രമാണ് നാലു ടണ്‍ ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കാന്‍ ശേഷിയുള്ളത്.

ലോകത്തെ കൂറ്റന്‍ റോക്കറ്റുകളായ ഫാല്‍ക്കണ്‍ 9, ഏരിയന്‍ 5 എന്നിവയുടെ ഗണത്തില്‍ വരൂന്ന ഇന്ത്യയുടെ മാര്‍ക്ക് ത്രി വിജയചരിത്രമെഴുതുന്നതോടെ മറ്റ് ലോക രാജ്യങ്ങളുടെ നാല് ടണ്‍ ഉപഗ്രഹങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ കുറഞ്ഞ ചെലവില്‍ വിക്ഷേപിക്കാനുള്ള വലിയ വിപണിയാണ് ഇന്ത്യക്ക് മുന്നില്‍ തുറക്കപ്പെടുക.

ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ അഭിമാനത്തോടെ രാജ്യത്തിന് തല ഉയര്‍ത്തി നില്‍ക്കാന്‍ കഴിയുന്ന മാര്‍ക്ക് ത്രീയുടെ വിജയ കുതിപ്പിനായി പ്രാര്‍ത്ഥനയോടെ എല്ലാ കണ്ണുകളും ഇപ്പോള്‍ ശ്രീഹരിക്കോട്ടയിലേക്കാണ് . .

Top