ഇന്ത്യയുടെ ചാന്ദ്ര ദൗത്യ പേടകം ചന്ദ്രയാന്‍-മൂന്നിന്റെ ഒന്നാംഘട്ട ഭ്രമണപഥമുയര്‍ത്തല്‍ പൂര്‍ത്തിയായി

ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര ദൗത്യ പര്യവേക്ഷണ പേടകമായ ചന്ദ്രയാന്‍-മൂന്ന് ഒന്നാംഘട്ട ഭ്രമണപഥമുയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയായി. പ്രൊപ്പല്‍ഷന്‍ മോഡ്യൂളിലെ ഇന്ധനം ജ്വലിപ്പിച്ചതിനുശേഷമാണ് ഭ്രമണപഥം ഉയര്‍ത്തിയിട്ടുള്ളത്. ഇതോടെ ഭൂമിയില്‍നിന്ന് ഏറ്റവും കുറഞ്ഞത് 173 കിലോമീറ്ററും ഏറ്റവും കൂടിയത് 41,762 കിലോമീറ്ററും വരുന്ന ഭ്രമണപഥത്തിലാണ് ഇപ്പോള്‍ ചന്ദ്രയാന്‍-മൂന്ന് സഞ്ചരിക്കുന്നത്.

നിലവില്‍, ഭൂമിക്ക് ചുറ്റും ദിവസത്തില്‍ രണ്ട് തവണ വലം വയ്ക്കുന്ന തരത്തിലാണ് ഭ്രമണപഥം ഉള്ളത്. ഘട്ടം ഘട്ടമായാണ് ഭ്രമണപഥം ഉയര്‍ത്തുന്ന നടപടികള്‍ സ്വീകരിക്കുക. എല്‍വിഎം ത്രീ റോക്കറ്റ് ഉപയോഗിച്ച് ചന്ദ്രയാന്‍ 3 പേടകം വിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ ബംഗളൂരുവിലെ ഇസ്ട്രാകില്‍നിന്ന് നിയന്ത്രിക്കുന്ന ബഹിരാകാശ പേടകം സുരക്ഷിതമാണെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു.

ഓഗസ്റ്റ് ഒന്നാം തീയതിയോടെ പേടകം ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നും നീങ്ങിയ ശേഷം ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കും. ഓഗസ്റ്റ് 17-നാണ് പ്രൊപ്പല്‍ഷന്‍ മോഡ്യൂളും, ലാന്‍ഡറും തമ്മില്‍ വേര്‍പ്പെടുന്നത്. തുടര്‍ന്ന് ഓഗസ്റ്റ് 23ന് വൈകിട്ടോടെ ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നതാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ നിന്നും മാന്‍സിനസ് യു ഗര്‍ത്തത്തിന് അടുത്താണ് സോഫ്റ്റ് ലാന്‍ഡിംഗ് നടക്കുക.

Top