‘ഇന്ത്യയിലെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റ് കേരളത്തിന്റേത്’; ഉദ്ഘാടനം ചെയ്ത് ആരോഗ്യമന്ത്രി

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എറണാകുളം ജനറല്‍ ആശുപത്രിയിലെ 54 ഡയാലിസിസ് യൂണിറ്റുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. വീടുകളില്‍ തന്നെ ഡയാലിസിസ് ചെയ്യുന്നതിനുള്ള പദ്ധതിയ്ക്ക് രൂപം കൊടുക്കുമെന്ന് ചടങ്ങില്‍ മന്ത്രി പറഞ്ഞു. വീടുകളില്‍ തന്നെ ഡയാലിസിസ് ചെയ്യുന്നതിനുള്ള പെരിട്ടോണിയല്‍ ഡയാലിസിസ് പദ്ധതിയ്ക്ക് സര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കുമെന്നും മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

രോഗങ്ങള്‍ വരാതിരിക്കാനുള്ള പരിശ്രമങ്ങള്‍ നടത്താന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ചടങ്ങില്‍ മുഖ്യാഥിതി ആയിരുന്ന നടന്‍ പത്മശ്രീ മമ്മൂട്ടി പറഞ്ഞു. 54 ഡയാലിസിസ് യൂണിറ്റുകളുള്ള ഇന്ത്യയിലെ ആദ്യത്തെ ആശുപത്രിയായി എറണാകുളം ജനറല്‍ ആശുപത്രി ഇതോടെ മാറി.3 നിലകളിലായാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഏറ്റവും മുകളില്‍ റൂഫ് ചെയ്ത് ആര്‍ ഒ പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. 54 ഐ സി യു ഡയാലിസിസ് കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്.54 ഡയാലിസിസ് മെഷീനുകള്‍ ഉണ്ട്. ഹൈബി ഈഡന്‍ എം പി , മേയര്‍ എം അനില്‍കുമാര്‍ , ടി ജെ വിനോദ് എം എല്‍ എ തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. എം എല്‍ എ ഫണ്ട് , ആശുപതി വികസന സമിതി ഫണ്ട്, കൊച്ചിന്‍ ഷിപ്പിയാര്‍ഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവരുടെ സി എസ് ആര്‍ ഫണ്ട്, റോട്ടറി ക്ലബ് , ഇന്‌കെല്‍ എന്നിവരുടെല്ലാം പിന്തുണയോടെയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.

Top