ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങള്‍ അംഗീകാരം നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് കാരണമുള്ള വിദേശയാത്രാ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ഈ രാജ്യങ്ങളുമായി ധാരണയായതായി ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. ബാക്കി രാജ്യങ്ങളുമായി ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പരസ്പരം അംഗീകാരം നല്‍കാന്‍ ഇതിനകം 96 രാജ്യങ്ങളുമായി ധാരണയായിട്ടുണ്ട്. കോവിഷീല്‍ഡ്, ഡബ്ല്യുഎച്ച്ഒ അംഗീകരിച്ചതോ ദേശീയതലത്തില്‍ അംഗീകാരമുള്ളതോ ആയ മറ്റ് വാക്‌സിനുകള്‍ എന്നിവ മുഴുവന്‍ ഡോസും സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ഈ രാജ്യങ്ങളില്‍ നിയന്ത്രണമുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. വിദ്യാഭ്യാസം, ബിസിനസ്, ടൂറിസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായുള്ള ഇന്ത്യക്കാരുടെ വിദേശയാത്ര എളുപ്പമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാനഡ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, സ്‌പെയിന്‍, ബംഗ്ലാദേശ്, മാലി, ഘാന, സയറ ലിയോണ്‍, അംഗോള, നൈജീരിയ, ബെനിന്‍, ഛാഡ്, ഹംഗറി, സെര്‍ബിയ, പോളണ്ട്, സ്ലോവാക് റിപബ്ലിക്, സ്ലോവേനിയ, ക്രൊയേഷ്യ, ബള്‍ഗേറിയ, തുര്‍ക്കി, ഗ്രീസ്, ഫിന്‍ലാന്‍ഡ്, ബ്രസീല്‍, ശ്രീലങ്ക, അസര്‍ബൈജാന്‍, കസഖിസ്താന്‍, ഉെ്രെകന്‍, ആസ്‌ട്രേലിയ, ഫിലിപ്പൈന്‍സ്, കൊളംബിയ, നേപ്പാള്‍, ഇറാന്‍, ഈജിപ്ത്, റൊമാനിയ, ജോര്‍ജിയ, റഷ്യ, ചെക്ക് റിപബ്ലിക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്വീഡന്‍, ഓസ്ട്രിയ, ഐസ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്‍കിയ രാജ്യങ്ങളില്‍ ഉള്‍പ്പെടും. കുവൈത്ത്, ഒമാന്‍, യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും അംഗീകാരം നല്‍കിയിട്ടുണ്ട്.

Top