ടി20 ലോകകപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു, അഫ്ഗാനെ തകര്‍ത്ത് ന്യൂസിലന്‍ഡ് സെമിയില്‍

ദുബായ്: ടി20 ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്. ഇന്ന് നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ന്യൂസിലാന്‍ഡിനോട് തോറ്റതോടെയാണ് ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ അസ്തമിച്ചത്. അഫ്ഗാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 124 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കിവീസ് ലക്ഷ്യത്തിലെത്തുകയായിരുന്നു. 40 റണ്‍സെടുത്ത നായകന്‍ കെയ്ന്‍ വില്യംസനാണ് ന്യൂസിലാന്‍ഡ് വിജയശില്‍പ്പി.

ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മധ്യനിരയില്‍ നജീബുള്ള സദ്രാന്‍ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് അഫ്ഗാനിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 48 പന്ത് നേരിട്ട നജീബുള്ള 73 റണ്‍സെടുത്തു. മൂന്ന് സിക്‌സും 6 ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു നജീബുള്ളയുടെ ഇന്നിംഗ്‌സ്. കിവീസിന് വേണ്ടി ട്രെന്‍ഡ് ബോള്‍ട്ട് മൂന്ന് വിക്കറ്റെടുത്തു. ടിം സൗത്തി രണ്ട് വിക്കറ്റും വീഴ്ത്തി.

അഞ്ച് അഫ്ഗാന്‍ ബാറ്റ്‌സ്മാന്‍മാരാണ് രണ്ടക്കം കാണാതെ പുറത്തായത്. ഒരുഘട്ടത്തില്‍ തകര്‍ന്നടിയുമെന്ന് തോന്നിച്ചെങ്കിലും നജീബുള്ളയുടെ രക്ഷാപ്രവര്‍ത്തനം ടീമിന് തുണയായി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് തുടക്കം മുതല്‍ ആധികാരിക പ്രകടനമാണ് പുറത്തെടുത്ത്. ഓപ്പണര്‍മാര്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കിലും മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കെയ്ന്‍ വില്യംസണും ഡെവോണ്‍ കോണ്‍വോയിയും മികച്ച രീതിയില്‍ ബാറ്റു വീശി. റണ്‍റേറ്റില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ശ്രമിക്കാതെ പക്വതയോടെയായിരുന്നു കിവീസിന്റെ കളി. വിജയത്തോടെ കിവീ്‌സ് സെമിയിലേക്ക് യോഗ്യത നേടി.

Top