ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ആറിരട്ടിയായി വര്‍ധിച്ചുവെന്ന് നരേന്ദ്ര മോദി

modi

ന്യൂഡല്‍ഹി: ഇരുപത് വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ആറിരട്ടിയായി വര്‍ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റല്‍ മേഖലയിലെ വളര്‍ച്ച സാമ്പത്തിക രംഗത്ത് ഗുണം ചെയ്തുവെന്നും, സാമൂഹ്യമാധ്യമങ്ങളും വളര്‍ച്ചയ്ക്ക് സഹായം നല്‍കിയെന്നും മോദി വ്യക്തമാക്കി.

നേരത്തെ, ഈ വര്‍ഷം 7.4 ശതമാനം വളര്‍ച്ച നേടി ചൈനയെ പിന്നിലാക്കി സാമ്പത്തിക രംഗത്ത് ഇന്ത്യ കുതിക്കുമെന്ന് ഐ.എം.എഫ് പുറത്തുവിട്ട സാമ്പത്തിക ദര്‍ശനത്തില്‍ വ്യക്തമാക്കിയിരുന്നു.

6.8 ശതമാനം വളര്‍ച്ചയില്‍ എത്തി നില്‍ക്കുന്ന ചൈനയെ ഇന്ത്യ മറികടക്കാന്‍ പോകുന്നത് ലോകം ഉടനെ കാണാന്‍ പോവുകയാണെന്നാണ് ഐ.എം.എഫ് പ്രഖ്യാപനം.

ലോക സാമ്പത്തിക വളര്‍ച്ചാ സൂചികയില്‍ ചൈനക്കും പാക്കിസ്ഥാനും വളരെ പിന്നിലാണ് ഇന്ത്യയെന്ന വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്ത് വിട്ട പട്ടികയുടെ തൊട്ട് പിന്നാലെയാണ് ലോകബാങ്കിന്റെ യഥാര്‍ത്ഥ വിശകലനം പുറത്തു വന്നത്.

കഴിഞ്ഞ വര്‍ഷം നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടുനിരോധനം, ചരക്ക് സേവന നികുതി (ജിഎസ്ടി) എന്നിവ ഏല്‍പ്പിച്ച തിരിച്ചടിയില്‍നിന്നു രാജ്യം കരകയറുമെന്ന്, ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനു മുന്നോടിയായി പ്രസിദ്ധീകരിച്ച ലോക സാമ്പത്തിക ദര്‍ശനത്തില്‍ (ഡബ്ല്യുഇഒ) ഇന്ത്യയുടെ വളര്‍ച്ച കൃത്യമായി വ്യക്തമാക്കുന്നുണ്ട്. 2019ല്‍ ഇന്ത്യയുടെ വളര്‍ച്ച പിന്നെയും കുതിച്ച് 7.8 ശതമാനമാകുമെന്നും, ഇതേ കാലയളവില്‍ ചൈനയുടെ വളര്‍ച്ച കുറഞ്ഞു 2019ല്‍ 6.4 ശതമാനമാകുമെന്നും സാമ്പത്തിക ദര്‍ശനത്തില്‍ പ്രവചിച്ചിട്ടുണ്ട്.

മറ്റു വികസ്വര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ വന്‍ വളര്‍ച്ചാസാധ്യതയാണ് ഇന്ത്യയ്ക്കുള്ളത്. ചൈനയില്‍ വളര്‍ച്ച മന്ദഗതിയിലാണെങ്കില്‍ ഇന്ത്യ കുതിക്കുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ മേഖലകളിലെ പരിഷ്‌കാരങ്ങള്‍, നിക്ഷേപത്തിനുള്ള അവസരം വര്‍ധിക്കുന്നത് തുടങ്ങിയവയും പരിഷ്‌കരണ നടപടികളും ഇന്ത്യയുടെ സാധ്യത കൂട്ടുന്നു. ജിഎസ്ടി, ബാങ്കുകളിലേക്കുള്ള മൂലധന നിക്ഷേപം എന്നിവ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നതു നല്ല നീക്കമാണെന്നും രാജ്യാന്തര നാണ്യനിധി വിലയിരുത്തുന്നു.Related posts

Back to top