ഒരു പേജും പാഴാക്കില്ല, രചിക്കുന്നത് പുതിയ ഇന്ത്യയുടെ അധ്യായങ്ങള്‍: പ്രധാനമന്ത്രി മോദി

രാജ്യത്തെ ദരിദ്രമായ 112 ജില്ലകളില്‍ വികസനം എത്തിക്കാനുള്ള ശ്രമങ്ങളിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുവരെ ഒഴിവാക്കപ്പെട്ട് കിടന്ന ഇടങ്ങളിലും വളര്‍ച്ച എത്തിച്ചുള്ള സാമ്പത്തിക വികസനമാണ് തന്റെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ന്യൂഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ ഉദ്ഘാടന പ്രസംഗത്തിലാണ് 150 മില്ല്യണ്‍ ജനങ്ങള്‍ വസിക്കുന്ന 112 ജില്ലകളെ ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

‘മുന്‍ സര്‍ക്കാരുകള്‍ പല മേഖലകളെയും ഒഴിവാക്കി നിര്‍ത്തി. ഈ മേഖലകള്‍ ഇപ്പോഴും പിന്നോക്കാവസ്ഥയിലാണ്. ഇവരുടെ ഭാവി മെച്ചപ്പെടുമ്പോള്‍ ഇന്ത്യയുടെ ഭാവിയും നന്നാകും. ഒരു പേജും ഒഴിവാക്കി ഇടുന്നില്ല, ഒരു പുതിയ അധ്യായം എഴുതുകയാണ്, വാഗ്ദാനങ്ങളുടെ രാഷ്ട്രീയത്തില്‍ നിന്ന് പ്രവൃത്തിയുടെ രാഷ്ട്രീയത്തിലേക്കാണ് രാജ്യത്തെ മാറ്റുന്നത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യം, വിദ്യാഭ്യാസം, എന്നീ മേഖലകളില്‍ ശിശുമരണ നിരക്ക് കുറയ്ക്കാനും, ബാങ്കിംഗ് ഇന്‍ഷുറന്‍സ് കവറേജ്, ഇന്‍ഫ്രാസ്ട്രക്ചര്‍, വൈദ്യുതി എന്നിവ എത്തിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. എല്ലാ ഭാഗങ്ങളും കൃത്യമായി നിരീക്ഷിച്ചാണ് നടപ്പാക്കുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ചില മേഖലകള്‍ സാമ്പത്തികമായി തിരസ്‌കരിക്കപ്പെട്ട് കിടക്കുന്നതായി സാമ്പത്തിക വിദഗ്ധര്‍ ഏറെ കാലമായി ആശങ്ക അറിയിക്കുന്ന വിഷയമാണ്.

തന്റെ സര്‍ക്കാര്‍ ഈ വഴിക്ക് പ്രവര്‍ത്തിക്കുന്നതായി പ്രധാനമന്ത്രി മോദി പറഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ട് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. കേന്ദ്ര സര്‍ക്കാരിലെ നൂറുകണക്കിന് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top