ഇന്ത്യയില്‍ ഒന്നാമതായി കേരളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്

തിരുവനന്തപുരം: പോര്‍ട്ടല്‍ വിഭാഗത്തില്‍ ഇന്ത്യയില്‍ ഒന്നാമതെത്തി കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kerala.gov.in. നാഷണല്‍ ഇ-ഗവേണന്‍സ് സര്‍വീസ് ഡെലിവറി അസസ്‌മെന്റ്-2020 നടത്തിയ സര്‍വേയിലാണ് ഇ-ഗവേണന്‍സ് വിഭാഗത്തില്‍ സംസ്ഥാന ഇലക്ട്രോണിക്‌സ്-ഐടി വകുപ്പിന്റെ കീഴിലുള്ള പോര്‍ട്ടല്‍ ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടത്. മൊത്ത സൂചികയില്‍ 83 ശതമാനം മാര്‍ക്കാണ് വെബ്‌സൈറ്റ് നേടിയത്.

അനായാസമായ സ്വീകാര്യത, ഉള്ളടക്കത്തിന്റെ ലഭ്യത, അനായാസമായ ഉപയോഗം, വിവര സുരക്ഷിതത്വം തുടങ്ങിയ മാനദണ്ഡങ്ങള്‍ ആസ്പദമാക്കിയാണ് പോര്‍ട്ടലുകള്‍ക്കു റാങ്കിങ് നിശ്ചയിച്ചത്.വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍വീസ് ഡെലിവറി ഗേറ്റ് വേ സംവിധാനം കേരള സര്‍ക്കാര്‍ പോര്‍ട്ടലിന്റെ സവിശേഷതയാണ്. അന്‍പതില്‍പരം വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഇതുവഴി പൊതു ജനങ്ങള്‍ക്ക് ലഭ്യമാണ്. സംസ്ഥാന ഐടി മിഷനാണ് സര്‍ക്കാരിന്റെ ഈ ഔദ്യോഗിക പോര്‍ട്ടല്‍ നിയന്ത്രിക്കുന്നതും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹായത്തോടെ കാലികമാക്കുന്നതും.

Top