ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ റെയില്‍ ടണല്‍ നിര്‍മാണം പൂര്‍ത്തിയായി

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഹൂഗ്ലി നദിക്കടിയിലൂടെ കടന്നുപോകുന്ന ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ റെയില്‍ ടണല്‍ നിര്‍മാണം പൂര്‍ത്തിയായി.

ഹൗറയേയും കൊല്‍ക്കത്തയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന വടക്കുകിഴക്കന്‍ മെട്രോയ്ക്ക് വേണ്ടിയാണ് ടണല്‍ നിര്‍മിച്ചത്. 2016 ഏപ്രില്‍ 14 ന് ആരംഭിച്ച് ജൂലായില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതിയെങ്കിലും പണിപൂര്‍ത്തിയാക്കാനായുള്ള സമയം ഇനിയും ശേഷിച്ചിരിക്കെ വളരെ നേരത്തെയാണ് ടണല്‍ നിര്‍മാണം പൂര്‍ത്തിയായത്.

16.6 കിലോമീറ്റര്‍ വരുന്ന മെട്രോയുടെ 10.8 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാണ് കടന്നുപോകുന്നത്. 502 മീറ്റര്‍ ദൂരമാണ് ഹൂഗ്ലി നദിക്കടിയിലൂടെയുള്ളത്. കൊല്‍ക്കത്ത മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനു വേണ്ടി അഫ്‌കോണ്‍ ട്രാന്‍സ്ടണല്‍സ്‌റ്റോറി എന്ന കമ്പനിയാണ് ടണല്‍ നിര്‍മിച്ചത്.

2019 ഡിസംബറില്‍ മെട്രോ കമ്മീഷന്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2012 ല്‍ കമ്മീഷന്‍ ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും 2015 ലേക്ക് സമയം മാറ്റി. പിന്നീട് 2019 ഡിസംബര്‍ എന്ന് പുനര്‍ നിശ്ചയിക്കുകയായിരുന്നു.

Top