India’s first transgender model Anjali Lama makes catwalk debut at Lakme Fashion Week

മുംബൈയില്‍ നടന്ന ലാക്‌മെ ഫാഷന്‍ വീക്കിന്റെ റാംപില്‍ ചുവടുവെച്ച് പുതിയ ചരിത്രം കുറിക്കുകയാണ് നേപ്പാളില്‍ നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ ഫാഷന്‍ മോഡല്‍ അഞ്ജലി ലാമ. ഇന്ത്യയില്‍ ഫാഷന്‍ റാംപിലെത്തുന്ന ആദ്യ നേപ്പാളി ട്രാന്‍സ്ജന്‍ഡര്‍ മോഡലാണ് ലാമ.

ഇന്ത്യയെ ഏറെ ഇഷ്ടപ്പെടുന്ന ലാമ, മുംബൈയില്‍ തന്റെ ഫാഷന്‍ കരിയര്‍ കെട്ടിപ്പടുക്കാനുള്ള ആഗ്രഹത്തിലാണ്.

ആദ്യമായാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ മോഡല്‍ ലാക്‌മെ ഫാഷന്‍ വീക്കിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
നേപ്പാളിലെ നുവാകോട്ട് എന്ന ഗ്രാമത്തിലായിരുന്നു ലാമയുടെ ജനനം. നാബിന്‍ വാബിയ എന്നായിരുന്നു പേര്. ആണ്‍കുട്ടി ആയിട്ടാണ് ജനനമെങ്കിലും സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് 2003ല്‍ കാഠ്ണ്ഡുവില്‍ എത്തിപ്പെട്ടതാണ് ലാമയുടെ സ്വത്വം പുറത്തെടുക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കിയത്.

lama1

മേക്കപ്പിട്ട് നൈറ്റ് ക്ലബ്ബിലേക്ക് പോകുന്ന ഒരു കൂട്ടം ട്രാന്‍സ്‌ജെന്‍ഡറുകളെ കണ്ട ലാമ അവരോട് മനസ്സ് തുറന്നു. എല്‍ജിബിടി അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കാഠ്മണ്ഡുവിലെ ബ്ലൂ ഡയമണ്ട് സൊസൈറ്റിയുമായി അവര്‍ ലാമയെ ബന്ധിപ്പിച്ചു.

2005 ല്‍ അഞ്ജലി ലാമ എന്ന പേര് സ്വീകരിച്ച ശേഷം അഞ്ച് വര്‍ഷം കഴിഞ്ഞ് ലിംഗ മാറ്റ ശസ്ത്രക്രിയക്കും വിധേയയായി. മാനസികമായും ശാരീരികമായും സാമ്പത്തികമായും വലിയ വെല്ലുവിളി ആയിരുന്ന സമയത്ത് അമ്മയൊഴികെ മറ്റെല്ലാ ബന്ധുക്കളും ലാമയെ ശപിച്ചു.

വോയ്‌സ് ഓഫ് വിമണ്‍ എന്ന മാസികയില്‍ ഫോട്ടോഷൂട്ട് വന്നതാണ് ലാമയുടെ കരിയറില്‍ വഴിത്തിരിവായത്. അതിനു ശേഷവും മിക്ക ഫാഷന്‍ വീക്കുകളില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന കാരണത്താല്‍ അഞ്ജലി ലാമ ഒഴിവാക്കപ്പെട്ടിരുന്നു.

ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുമായി ചേര്‍ന്ന് ജോലി ചെയ്യണമെന്നതാണ് ലാമയുടെ സ്വപ്നം.

Top