പുത്തന്‍ സവിശേഷതകളുമായി റോള്‍സ് റോയ്‌സിന്റെ എട്ടാം തലമുറ ഫാന്റം ഇന്ത്യയില്‍

Rolls Royce Phantom

കാത്തിരിപ്പിനൊടുവില്‍ എട്ടാം തലമുറ റോള്‍സ്‌റോയ്‌സ് ഫാന്റം ഇന്ത്യയില്‍. കപ്പല്‍മാര്‍ഗം ചെന്നൈ തുറമുഖത്താണ് ഇന്ത്യയുടെ എട്ടാം തലമുറ റോള്‍സ് റോയ്‌സ് ഫാന്റം എത്തിയിരിക്കുന്നത്. ബിഎംഡബ്ല്യു കെയുഎന്‍ എക്‌സ്‌ക്ലൂസീവ് ഡീലര്‍ഷിപ്പിലേക്കാണ് ഫാന്റം എത്തുന്നത്.

ഡ്യൂവല്‍ ടോണ്‍ വൈറ്റ്ബ്ലൂ കളര്‍ സ്‌കീമിലാണ് ഇന്ത്യയുടെ ആദ്യ ഫാന്റം എട്ടാമന്റെ വരവ്. ബ്രിട്ടീഷ് ആഢംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സിന്റെ ഫ്‌ളാഗ്ഷിപ്പ് സെഡാനാണ് ഫാന്റം. 2018 ഫെബ്രുവരി 22 ന് ഏറ്റവും പുതിയ റോള്‍സ് റോയ്‌സ് ഫാന്റം എട്ടാമന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ചെന്നൈ ബിഎംഡബ്ല്യു കെയുഎന്‍ ഡീലര്‍ഷിപ്പ് വ്യക്തമാക്കി.

പുതുതലമുറ റോള്‍സ് റോയ്‌സ് കാറുകളില്‍ നിശ്ചയിച്ചിട്ടുള്ള പുത്തന്‍ അലൂമിനിയം സ്‌പെയ്‌സ് ഫ്രെയിം അടിത്തറയിലാണ് പുതിയ മോഡല്‍ ഫാന്റം ഒരുങ്ങുന്നത്. 563 bhp കരുത്തും 900 Nm torque ഉത്പാദിപ്പിക്കുന്ന 6.75 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ ചാര്‍ജ്ഡ് V12 എഞ്ചിനാണ് മോഡലിന്റെ പവര്‍ഹൗസ്.

ZF 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ ചക്രങ്ങളിലേക്ക് എത്തുന്നത്. 5.3 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ റോള്‍സ് റോയ്‌സ് പുതിയ മോഡല്‍ ഫാന്റത്തിന് സാധിക്കും.

‘ഗ്യാലറി’ എന്ന് റോള്‍സ് റോയ്‌സ് വിശേഷിപ്പിക്കുന്ന ഡാഷ്‌ബോര്‍ഡിലുള്ള വലിയ ഗ്ലാസ് പാനലാണ് ഫാന്റം എട്ടാമന്റെ പ്രധാന സവിശേഷത.

Top