‘ലിംഗവിവേചനമില്ലാത്ത ഹോസ്റ്റല്‍’, തുല്ല്യ സൗകര്യമൊരുക്കി ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട്‌

മുംബൈ: ഏതു ലിംഗക്കാരെയും സ്വീകരിക്കുന്ന ഹോസ്റ്റല്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ടാറ്റാ ഇന്‍സ്റ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്. ഹോസ്റ്റലിലെ ട്രാന്‍സ് ജെന്‍ഡര്‍ റൂമുകളിലെല്ലാം തന്നെ ഏകദേശം ആളെത്തിക്കഴിഞ്ഞു.

പെണ്‍കുട്ടികള്‍ക്ക് മാത്രമായി നീക്കിവച്ചിരുന്ന നാലാം നമ്പര്‍ ഹോസ്റ്റല്‍ കെട്ടിടമാണ് ഇപ്പോള്‍ വിപ്ലവകരമായ മാറ്റത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. ഐപിസി 377-ാം വകുപ്പ് ഭേദഗതി ചെയ്തു കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് വന്നത് ഈ തീരുമാനം പ്രാവര്‍ത്തികമാക്കാനുള്ള വേഗത കൂട്ടിയെന്ന് വിദ്യര്‍ത്ഥി യൂണിയന്‍ അംഗമായ അങ്കുഷ് പറഞ്ഞു.

ക്വിയര്‍ കളക്ടീവ് പോലുള്ള സംഘടനകളുടെ നിരന്തര ആവശ്യത്തിന്റെ ഭാഗമായാണ് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഇത്തരമൊരു ആശയം അംഗീകരിച്ചത്. കഴിഞ്ഞ വര്‍ഷം മുതല്‍ അപേക്ഷാ ഫോമുകളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ടിസ് ഇടം നല്‍കിത്തുടങ്ങി.

എല്‍ജിബിടിക്യു വിഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതത്വമൊരുക്കുക എന്നത് ജെന്‍ഡര്‍ ന്യൂട്രല്‍ ഹോസ്റ്റലുകളുടെ പ്രധാന ഉദ്ദേശങ്ങളിലൊന്നാണ്. സ്ത്രീ, പുരുഷ, ട്രാന്‍സ്‌ജെന്‍ഡര്‍ ഭേദമന്യേ എല്ലാ ലിംഗത്തില്‍ പെട്ടവര്‍ക്കും ഒരേ ബാത്ത് റൂമുകള്‍ ഉപയോഗിക്കാനുള്ള അവസരമുണ്ടാകണമെന്നും ക്വിയര്‍ കളക്ടീവ് ആവശ്യപ്പെടുന്നു.

ഈ വര്‍ഷം മുതല്‍ സ്ഥാപനത്തില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ പേരില്‍ മിസ്റ്റര്‍, മിസ്സ് അല്ലെങ്കില്‍ എംഎക്‌സ് എന്ന് ചേര്‍ക്കുന്നത് അവരവരുടെ ഇഷ്ടത്തിനനുസരിച്ചായിരിക്കുമെന്ന് അധികൃതര്‍ തീരുമാനിച്ചിരുന്നു. 377-ാം വകുപ്പ് ഭേദഗതി ചെയ്തതിന് ശേഷം വലിയ പ്രതികരണങ്ങളാണ് ഭിന്നലിംഗക്കാരുടെ കാര്യത്തില്‍ സമൂഹത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ സ്വന്തം അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു.

ലോകത്ത് 23 രാജ്യങ്ങളില്‍ ഇതുവരെ സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കിയിട്ടുണ്ട്. മറ്റുപല രാജ്യങ്ങളും ഈ നിയമത്തിന്‍െ പാതതുടരുന്നതിനുള്ള ഒരുക്കത്തിലാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് വിധി പറഞ്ഞത്. 157 വര്‍ഷത്തിന് ശേഷമുള്ള ചരിത്രവിധിയായിരുന്നു ഇത്.

എല്ലാവര്‍ക്കും ഏക അഭിപ്രായമായിരുന്നെന്നും വിയോജിപ്പുള്ള വിധികളില്ലെന്നും ദീപക് മിശ്ര വിധി പ്രസ്താവത്തിനിടെ പറഞ്ഞു. ആനന്ദ് ഗ്രോവര്‍, ശ്യാം ധിവാന്‍, അരവിന്ദ് നരൈന്‍ തുടങ്ങി നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രയത്‌നത്തിന്റെ ഫലമാണ് വിധി.

Top