‘കോവാക്‌സിന്‍’ നിര്‍മാണത്തില്‍ നിര്‍ണ്ണായക വിജയം: ഇന്ത്യന്‍ മരുന്ന് കമ്പനി

കോവിഡ് പ്രതിരോധ മരുന്ന് നിര്‍മാണത്തില്‍ നിര്‍ണ്ണായക വിജയം നേടിയെന്ന അവകാശവാദവുമായി ഇന്ത്യന്‍ മരുന്ന് കമ്പനി.

ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരതി ബയോടെക് ആണ് മരുന്ന് വികസിപ്പിച്ചത്. ഐ.സി.എം.ആറുമായി സഹകരിച്ചായിരുന്നു മരുന്ന് പരീക്ഷണം. ‘കോവാക്‌സിന്‍’ എന്ന് പേരിട്ട മരുന്ന് ഇനി മനുഷ്യരില്‍ പരീക്ഷിക്കുകയാണ് വേണ്ടതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

അടുത്ത ആഴ്ച 1,100 പേരുടെ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായാണ് ട്രയല്‍ നടത്തുക. കഴിഞ്ഞ ആഴ്ചയാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ട്രയലുകള്‍ക്ക് ലഭിച്ചത്. ഐ.സി.എം.ആര്‍ നല്‍കുന്ന വിവരമനുസരിച്ച് ട്രയല്‍സിന്റെ ഒന്നാംഘട്ടത്തില്‍ 375പേരും രണ്ടാംഘട്ടത്തില്‍ 750പേരുമാണ് പങ്കെടുക്കുന്നത്. ജൂലൈ 13ന് പരീക്ഷണം ആരംഭിക്കും. ആഗസ്റ്റ് 15ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

അതേസമയം, ഇതുവരെ നടന്ന പരീക്ഷണങ്ങളില്‍ കോവാക്‌സിന്‍ സുരക്ഷിതവും കാര്യക്ഷമവുമാണെന്നാണ് കണ്ടെത്തല്‍. ഇത്ര വേഗത്തിലുള്ള മരുന്ന് പരീക്ഷണത്തിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ബംഗളൂരുവിലെ ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസ് ക്ലിനിക്കല്‍ ട്രയലിനെതിരെ രംഗത്തെത്തിയിരുന്നു. കോവിഡ് മരുന്ന് കണ്ടെത്താനായി കടുത്ത മത്സരമാണ് ഇന്ത്യന്‍ മരുന്ന് കമ്പനികള്‍ തമ്മില്‍ നടക്കുന്നത്. അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിഡസ് കാഡിലാസും ക്ലിനിക്കല്‍ ട്രയലിന് അനുമതി നേടിയിട്ടുണ്ട്.

Top