മൂന്ന് സൈനിക ശക്തികളേയും നിയന്ത്രിക്കുന്ന ഇന്ത്യയുടെ ആ ‘സൂപ്പര്‍ പവര്‍’ ആര്?

ന്ത്യയുടെആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനെ (സിഡിഎസ്) അടുത്ത മാസം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ഡിസംബര്‍ 31ന് ജനറല്‍ ബിപിന്‍ റാവത്ത് ഒഴിയുന്ന പദവിയില്‍ പുതിയ സൈനിക മേധാവിയുടെ പ്രഖ്യാപനവും ഉണ്ടാകും. മൂന്ന് സൈനിക മേധാവികളെ നിയന്ത്രിക്കാനും, അവശ്യഘട്ടങ്ങളില്‍ കേന്ദ്രീകൃത സൈനിക നീക്കങ്ങള്‍ക്ക് കമ്മാന്‍ഡ് നല്‍കാനും കഴിയുന്ന ഒരു സൂപ്പര്‍ പവറിനെയാണ് സിഡിഎസ് വഴി ഇന്ത്യ കണ്ടെത്തുക.

പ്രധാനമന്ത്രി നരേന്ദ്ര മോദി നിയോഗിച്ച ഇംപ്ലിമെന്റേഷന്‍ കമ്മറ്റിയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് നയിക്കുന്നത്. സിഡിഎസിന്റെ പ്രവര്‍ത്തനമേഖലകള്‍ കമ്മറ്റി തീര്‍ച്ചപ്പെടുത്തി വരുന്നതേയുള്ളൂ. കാര്‍ഗില്‍ റിവ്യൂ കമ്മറ്റിയെ നയിച്ച കെ സുബ്രഹ്മണ്യം നിര്‍ദ്ദേശിച്ച തരത്തില്‍ സര്‍ക്കാരിന്റെ കേന്ദ്രീകൃത സൈനിക ഉപദേശകനാകും സിഡിഎസ് എന്നാണ് കരുതുന്നത്.

വെറും കടലാസില്‍ മാത്രം ഒതുങ്ങുന്ന പുലിയല്ല സിഡിഎസ് എന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മൂന്ന് സര്‍വ്വീസ് മേധാവികളും അനുസരിക്കാന്‍ ബാധ്യസ്ഥതയുള്ള ഒരു കേന്ദ്രമാകും ഈ പദവി. സൈനിക നയത്തിലെ സുപ്രധാന ഏടായ ജോയിന്റ്മാന്‍ഷിപ്പ് നടപ്പാക്കാനുള്ള ചുമതല സിഡിഎസിനാകും. നിലവിലെ ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് എന്ന തസ്തിക ഡിഫന്‍സ് സ്റ്റാഫ് വൈസ് ചീഫായി മാറും.

മറ്റ് മൂന്ന് സൈനിക മേധാവികള്‍ക്ക് സമാനമായി നാല് നക്ഷത്രങ്ങളും നല്‍കുമെങ്കിലും ഈ തുല്യരിലെ ഒന്നാമനാകും സിഡിഎസ്. മൂന്ന് സര്‍വ്വീസുകള്‍ തമ്മിലുള്ള അന്തരം ഇല്ലാതാക്കി കൈകോര്‍ത്ത് പ്രവര്‍ത്തനം ഉറപ്പാക്കുകയാണ് സിഡിഎസിന്റെ പ്രധാന ലക്ഷ്യം. ചൈനയും, പാകിസ്ഥാനും സൈനിക കേന്ദ്രങ്ങളെ വേര്‍തിരിച്ച് പ്രയോഗിക്കുമ്പോള്‍ ഇന്ത്യക്ക് ഇത്തരമൊരു ഏകോപനം അനിവാര്യമാണെന്ന് മുന്‍ സൈനിക മേധാവികള്‍ ചൂണ്ടിക്കാണിക്കുന്നു.

Top