2020-21 വര്‍ഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 3.2 ശതമാനം ചുരുങ്ങുമെന്ന് ലോകബാങ്ക്

വാഷിങ്ടണ്‍: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 3.2 ശതമാനം ചുരുങ്ങുമെന്ന് ലോകബാങ്ക്. കോവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ സമ്പദ്‌വ്യവസ്ഥയെ തകിടംമറിച്ചു. 2019-20 വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച മാന്ദ്യത്തിലായിരുന്നു. എന്നാല്‍ 2020-21 വര്‍ഷം ഇത് 3.2 ശതമാനം ചുരുങ്ങുമെന്നും രണ്ടാം ലോക യുദ്ധത്തിന് ശേഷം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ലോകരാജ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ലോകബാങ്ക് വ്യക്തമാക്കി.

2017ല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചനിരക്ക് ഏഴുശതമാനം ആയിരുന്നു. എന്നാല്‍ തൊട്ടടുത്ത സാമ്പത്തിക വര്‍ഷം ഇത് 6.1 ശതമാനമായി കുറഞ്ഞു. 2020ല്‍ ഇത് 4.2 ശതമാനവുമായി. കോവിഡ് ലോക്ഡൗണ്‍ ഏറ്റവും അധികം തിരിച്ചടിയാകുക 2020-21 സാമ്പത്തിക വര്‍ഷമായിരിക്കുമെന്ന് ലോകബാങ്ക് പറഞ്ഞു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കൊപ്പം ആഗോളതലത്തിലും നെഗറ്റീവ് വളര്‍ച്ചയായിരിക്കും രേഖപ്പെടുത്തുക. ആഗോള സമ്പദ് വ്യവസ്ഥ 5.2 ശതമാനമായിരിക്കും ചുരുങ്ങുകയെന്നും കോവിഡിന്റെ വ്യാപനം തടയാനായില്ലെങ്കിലും സമ്പദ് വ്യവസ്ഥ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ നയങ്ങള്‍ രൂപീകരിച്ചില്ലെങ്കിലും വളര്‍ച്ച താഴേക്ക് പോകുമെന്നും ലോകബാങ്ക് പറയുന്നു.

Top