കാനഡയില്‍ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികള്‍ക്ക് ഭീഷണിയുണ്ട്: അരിന്ദം ബാഗ്ചി

ദില്ലി: കാനഡയില്‍ ഖാലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തെളിവ് നല്‍കാന്‍ ട്രൂഡോ ഭരണകൂടം തയ്യാറായില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. തെളിവ് നല്‍കിയാല്‍ പരിശോധിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്. കാനഡയില്‍ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികള്‍ക്ക് ഭീഷണിയുണ്ട്. ഇന്ത്യക്കാര്‍ക്കെതിരായ ഭീഷണിയെ അപലപിക്കുന്നുവെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.

കാനഡയോട് ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടെന്ന് ബാഗ്ചി പറഞ്ഞു. കാനഡയിലുള്ള ഇന്ത്യന്‍ പ്രതിനിധികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ഇന്ത്യയിലുള്ള കാനഡ പ്രതിനിധികളുടെ എണ്ണം. ഇക്കാര്യം കാനഡയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് നടപടി. ഇന്ത്യാക്കാര്‍ക്ക് വിസ നല്‍കുന്നതില്‍ കാനഡ വിവേചനം കാണിക്കുന്നുണ്ട്. അത്തരം പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ജി20 ഉച്ചകോടിക്ക് എത്തിയപ്പോള്‍ നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജസ്റ്റിന്‍ ട്രൂഡോ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി അത് നിഷേധിച്ചു. ഇന്ത്യ അന്ന് തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചയായ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയല്ലാതെ അരിന്ദം ബാഗ്ചി പ്രസ്താവന നടത്തിയില്ല. കാനഡയില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് ഭീഷണിയുണ്ടെന്നും ഇതുകൊണ്ടാണ് വീസ നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചതെന്നും ബാഗ്ചി വ്യക്തമാക്കി.

കാനഡ ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികളെ കുറയ്ക്കും എന്നാണ് വിവരമെന്ന് അദ്ദേഹം പറഞ്ഞു. നിജ്ജാര്‍ കൊലപാതക കേസില്‍ ഒരു തെളിവും ഇതുവരെ കാനഡ നല്‍കിയിട്ടില്ല. തെളിവ് നല്‍കിയാല്‍ പരിശോധിക്കാമെന്നാണ് ഇന്ത്യയുടെ നിലപാട്. കുറ്റകൃത്യങ്ങള്‍ക്ക് എതിരെയുള്ള ഇന്ത്യയുടെ നിലപാട് ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

കാനഡയിലെ ഇന്ത്യാക്കാരുടെ സുരക്ഷിതത്വം സംബന്ധിച്ച് മാര്‍ഗനിര്‍ദേശം ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യാക്കാര്‍ക്കെതിരായ ഭീഷണിയെ അപലപിക്കുന്നു. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികള്‍ക്ക് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കാനഡയിലെ ഇന്ത്യന്‍ ഹൈ കമ്മീഷന്റെയും കോണ്‍സുലേറ്റിന്റെയും പ്രവര്‍ത്തനങ്ങളെ ഇപ്പോഴത്തെ ഭീഷണി ബാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് വിസ നല്‍കുന്നത് താത്കാലികമായി നിര്‍ത്തിയത്.

ഈ സാഹചര്യം ഇനിയുള്ള ഓരോ ആഴ്ചയും അവലോകനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കെതിരായ ഭീകര പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച തെളിവുകള്‍ കാനഡയ്ക്ക് കൈമാറിയിട്ടുണ്ട്. കാനഡയുമായുള്ള നയതന്ത്ര വിഷയത്തില്‍ ഇന്ത്യക്കെതിരായ പാക്കിസ്ഥാന്റെ പരാമര്‍ശം ആരെങ്കിലും ഗൗരവത്തിലെടുക്കുമെന്ന് കരുതുന്നില്ലെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.

Top