വാട്‌സ് ആപ്പ് നിയന്ത്രിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍, കമ്പനി അധികൃതരുമായി മന്ത്രി ചര്‍ച്ച നടത്തി

whatsapp

ന്യൂഡല്‍ഹി: വിവിധ തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ വാട്‌സ് ആപ്പ് വഴി പ്രചരിക്കുന്നു എന്ന ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ വാട്‌സ് ആപ്പ് സിഇഒ ക്രിസ് ഡാനിയേല്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദുമായി കൂടിക്കാഴ്ച നടത്തി. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് നിര്‍ത്തലാക്കാന്‍ ആവശ്യമായ നടപടികള്‍ വാട്ടസ് ആപ്പ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 45 മിനിറ്റ് ഇരുവരുടെയും കൂടിക്കാഴ്ച നീണ്ടു നിന്നു.

4 ദിവസത്തോളം ക്രിസ് ഡാനിയേല്‍ ഇന്ത്യയില്‍ തങ്ങി ബിസിനസ് രംഗത്തെയും ഭരണ രംഗത്തെയും നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തും. വ്യാജവാര്‍ത്തകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ തന്നെ കമ്പനിയ്ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഉദ്ദേശിച്ച മറുപടി ലഭിച്ചില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മൂന്ന് കാര്യങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് രവിശങ്കര്‍ പ്രസാദ് വാട്‌സ് ആപ്പ് ക്രിസ് ഡാനിയലിനോട് ആവശ്യപ്പെട്ടു. പരാതികള്‍ എത്രയും പെട്ടെന്ന് അറിയിക്കുന്നതിനുള്ള സംവിധാനമാണ് ആദ്യത്തേത്. ഇന്ത്യന്‍ നിയമങ്ങള്‍ക്ക് അനുസൃതമായ നിയമങ്ങള്‍ വാട്‌സ് ആപ്പിനും ഉണ്ടാകണം. നിലവില്‍ ഇവിടെ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ അമേരിക്കന്‍ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പരിഹരിക്കപ്പെടുന്നത്. അതു പോലെ ഇന്ത്യയിലെ വാട്‌സ് ആപ്പിനെ നിയന്ത്രിയ്ക്കാന്‍ ഇന്ത്യയില്‍ തന്നെ ഒരു സ്ഥാപനം വേണം.

നിര്‍ദ്ദേശങ്ങളെല്ലാം ഉടന്‍ ചര്‍ച്ച ചെയ്ത് വേണ്ടത് ചെയ്യുമെന്ന് വാട്‌സാ ആപ്പ് സിഇഒ ഉറപ്പു നല്‍കി. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പല ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും കാരണമായ വാര്‍ത്തകള്‍ പ്രചരിച്ചത് വാട്‌സ് ആപ്പുകള്‍ വഴിയാണ്.

Top