India’s 500 th test cricket

Virat-Kohli

ന്യൂഡല്‍ഹി : കാന്‍പുരില്‍ വിരാട് കോഹ്‌ലിയും സംഘവും ഇറങ്ങുന്നതു ചരിത്രത്തിലേക്കാണ്. ഇന്ത്യയുടെ 500ാമത് ടെസ്റ്റ് ക്രിക്കറ്റ് മല്‍സരത്തിനു വേദിയാവുകയാണ് കാന്‍പുര്‍ സ്റ്റേഡിയം.

എതിരാളികള്‍ ന്യൂസീലന്‍ഡ്. മൂന്നു ടെസ്റ്റ് മല്‍സരങ്ങളുടെ പരമ്പരയില്‍ ആദ്യ മല്‍സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ മനസ്സില്‍ വിജയമെന്ന ഏകലക്ഷ്യം.

നാലു രാജ്യങ്ങള്‍ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഗംഭീരതുടക്കം കുറിക്കാമെന്ന പ്രതീക്ഷയോടെ ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ ന്യൂസീലന്‍ഡ് വെള്ളം കുടിക്കും.

ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാംനമ്പര്‍ ടീമെന്ന പദവിയിലേക്കുള്ള പ്രയാണത്തിലാണ് ഇന്ത്യ. കോഹ്‌ലിക്കും പരിശീലകനെന്നനിലയില്‍ ഇറങ്ങുന്ന അനില്‍ കുംബ്ലെയ്ക്കും ഇത് അസാധ്യമല്ലെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യയുടെ ക്രിക്കറ്റ് ആരാധകര്‍.

രണ്ടാം ടെസ്റ്റ് 30 മുതല്‍ ഒക്ടോബര്‍ നാലുവരെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലും മൂന്നാം ടെസ്റ്റ് എട്ടുമുതല്‍ 12 വരെ ഇന്‍ഡോറിലും നടക്കും.

മോശം പിച്ചെന്നപേരില്‍ ഏറെ പഴികേട്ടിട്ടുള്ള കാന്‍പുരിലെ പിച്ചിന് ഇക്കുറി പേയിളകില്ലെന്നു കരുതാം. മൂന്നുദിവസംകൊണ്ടു തീരുന്ന ടെസ്റ്റുകളുടെ വേദിയെന്നനിലയില്‍ ലോകക്രിക്കറ്റിനുമുന്നില്‍ ഇന്ത്യയ്ക്കുള്ള പേരുദോഷം ഇക്കുറി ഉണ്ടാകില്ലെന്നും പ്രതീക്ഷിക്കാം.

ആദ്യ ദിനം മുതലേ പൊട്ടിയടരുന്ന പിച്ചില്‍ കളിച്ചു ചുളുവില്‍ ജയിക്കുകയല്ല ലക്ഷ്യമെന്നു കുംബ്ലെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.സ്പിന്നര്‍മാര്‍ക്കു മേധാവിത്തമുള്ള പിച്ചൊരുക്കുന്നതില്‍ തെറ്റില്ലെങ്കിലും ആദ്യപന്തു മുതലേ കുത്തിത്തിരിയുന്ന പിച്ചുകള്‍ ഉണ്ടാക്കുന്നതില്‍ കാര്യമില്ലെന്നും ഇന്ത്യയുടെ പുതിയ കോച്ച് മനസ്സു തുറന്നുകഴിഞ്ഞു.

കളിയുടെ നിലവാരമുയര്‍ത്തി എതിരാളിയെ തോല്‍പിക്കാന്‍ തക്ക വീറും വാശിയുമുള്ള ടീമാണ് കോഹ്‌ലിയുടേതെന്ന് ആരാധകര്‍ക്കും പ്രതീക്ഷവച്ചുതുടങ്ങി.

കടലാസ്സിലും കളത്തിലും ഇന്ത്യതന്നെയാണു കരുത്തര്‍. സ്പിന്‍ ബോളിങ്ങിനെതിരെ ന്യൂസീലന്‍ഡ് പതറുന്നത് അവരുടെ ഏക സന്നാഹമല്‍സരത്തിലും വ്യക്തമായിരുന്നു.

മറുവശത്ത് ഇന്ത്യയ്ക്കു കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ല. കോഹ്‌ലി എന്ന ചുറുചുറുക്കുള്ള നായകനു കീഴില്‍ ടീം തീര്‍ത്തും സന്തുലിതം. ന്യൂസീലന്‍ഡാകട്ടെ ഏറ്റവും പരിചയസമ്പന്നനായ ബോളര്‍ ടിം സൗത്തിയെ പരുക്കിന്റെപേരില്‍ നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണ്.

സൗത്തി മടങ്ങിയതിനു പിന്നാലെ ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമിനും പരുക്കേറ്റതു സന്ദര്‍ശകരെ വിഷമത്തിലാക്കിയിട്ടുണ്ട്. നീഷാമിന് ആദ്യടെസ്റ്റ് നഷ്ടമാകും. പരിശീലനത്തിനിടെ വാരിയെല്ലില്‍ പന്തുകൊണ്ടതാണു നീഷാമിനു പ്രശ്‌നമായത്.

രണ്ടാം ടെസ്റ്റില്‍ നീഷാം കളിക്കുമെന്നു കോച്ച് മെക്ക് ഹെസ്സന്‍ അറിയിച്ചു.

ഇന്ത്യയുടെ നെടുനീളന്‍ ടെസ്റ്റ് പരമ്പരകളുടെ തുടക്കമാണ് കാന്‍പുരില്‍ അരങ്ങേറുക. 13 ടെസ്റ്റുകള്‍! നാലു രാജ്യങ്ങള്‍ക്കെതിരെയുള്ള പരമ്പരകള്‍ക്കു വേദിയാവുകയാണ് ഇന്ത്യ. ന്യൂസീലന്‍ഡിനുശേഷം ഇംഗ്ലണ്ട്, ബംഗ്ലദേശ്, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരായ പരമ്പരകളും നടക്കും.

Top