ഇന്ത്യയില്‍ കുടുങ്ങിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് കൊറോണ ബാധയില്ല

ജൊഹാനാസ്ബര്‍ഗ്: ഇന്ത്യയില്‍ കുടുങ്ങിപ്പോയ ദക്ഷിണാഫ്രിക്കന്‍ താരങ്ങളില്‍ ആര്‍ക്കും കോവിഡ് ഇല്ലെന്ന് പരിശോധനാ ഫലം. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര റദ്ദാക്കിയശേഷം നാലു ദിവസത്തോളം ഇന്ത്യയില്‍ കുടുങ്ങിപ്പോയ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ മാര്‍ച്ച് 18നാണ് കൊല്‍ക്കത്തയില്‍നിന്ന് നാട്ടിലേക്കു മടങ്ങിയത്. തുടര്‍ന്ന് ഇവരെ 14 ദിവസത്തെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിരീക്ഷണ കാലാവധി പൂര്‍ത്തിയായെങ്കിലും കളിക്കാരിലാര്‍ക്കും രോഗബാധയില്ലെന്ന് തെളിഞ്ഞതായി ടീമിന്റെ മുഖ്യ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷുഹൈബ് മന്‍ജ്ര അറിയിച്ചു.

ദക്ഷിണാഫ്രിക്കന്‍ ടീം തങ്ങിയ ലക്‌നൗവിലെ ഹോട്ടലില്‍ കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍ താമസിച്ചിരുന്നതായി കണ്ടെത്തിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. ബ്രിട്ടനില്‍നിന്ന് തിരിച്ചെത്തിയശേഷം ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ കനിക കപൂര്‍ താമസിച്ചത് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ താമസിച്ച ഹോട്ടലിലാണെന്ന് ഉത്തര്‍പ്രദേശ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് വ്യക്തമായത്.

ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് തല്‍ക്കാലം വീടുകളില്‍നിന്ന് പുറത്തിറങ്ങാനാകില്ലെന്നാണ് വിവരം.ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ 1500ഓളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അഞ്ചു പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്കയില്‍ കായിക മത്സരങ്ങളെല്ലാം 60 ദിവസത്തേക്ക് റദ്ദാക്കിയിരിക്കുകയാണ്.

Top