വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ക്കും നാട്ടില്‍ ‘ഇപിഎഫ്ഒ’യില്‍ അംഗമാകാം

ന്യൂഡല്‍ഹി: വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ക്കും നാട്ടിലെ ‘ഇപിഎഫ്ഒ’യില്‍ അംഗമാകാന്‍ കഴിയും.

ജോലി ചെയ്യുന്ന രാജ്യത്തെ സോഷ്യല്‍ സെക്യൂരിറ്റി സ്‌കീമില്‍ അംഗങ്ങളാകാത്തവരെയാണ് ഇപിഎഫ്ഒയില്‍ അംഗമാക്കുന്നത്.

ഡല്‍ഹിയില്‍ ദേശീയ സെമിനാറില്‍ പ്രസംഗിക്കവെ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ വി.പി ജോയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിനായി 18 രാജ്യങ്ങളുമായി കരാറിലെത്തിയതായും അദ്ദേഹം പറഞ്ഞു.

ബെല്‍ജിയം, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, കൊറിയ, ലക്‌സംബെര്‍ഗ്, നെതര്‍ലാന്‍ഡ്‌സ്, ഹങ്ഗറി, ഫിന്‍ലന്‍ഡ്, സ്വീഡന്‍, ചെക്ക് റിപ്പബ്ലിക്ക്, നോര്‍വെ, ഓസ്ട്രിയ, ജപ്പാന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളുമായാണ് നിലവില്‍ കരാറുള്ളത്.

വിദേശത്ത് ജോലിക്കായി പോകുന്നവര്‍ക്ക് ആ രാജ്യത്തെ സെക്യൂരിറ്റി സ്‌കീമില്‍ നിന്ന് ഒഴിവാകാന്‍ ഇപിഎഫ്ഒ സര്‍ട്ടിഫിക്കേറ്റ് ഓഫ് കവറേജ്(സിഒസി)നല്‍കും.

കുറച്ചുകാലത്തേയ്ക്ക് വിദേശത്ത് ജോലിക്കായി പോകുന്നവര്‍ക്കാണ് പദ്ധതി ഏറെ ഗുണകരമാകുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം നടത്തിപ്പുകാരാണ് ഇപിഎഫ്ഒ.

Top