അബുദാബിയിലുണ്ടായ ഹൂതി ആക്രമണത്തില്‍ മരിച്ച ഇന്ത്യക്കാര്‍ പഞ്ചാബ് സ്വദേശികള്‍

അബുദാബി: അബുദാബിയില്‍ തിങ്കളാഴ്ച ഉണ്ടായ ഹൂതി ആക്രമണത്തില്‍ മരിച്ച ഇന്ത്യക്കാര്‍ പഞ്ചാബ് സ്വദേശികള്‍. ഇവരുടെ മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച നാട്ടിലെത്തിക്കുമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ ട്വിറ്ററില്‍ അറിയിച്ചു.

മൃതദേഹങ്ങള്‍ പഞ്ചാബിലെ അമൃത്സറിലേക്കാണ് എത്തിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി 17ന് ഉണ്ടായ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് വേണ്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതായി അംബാസഡര്‍ സഞ്ജയ് സുധീര്‍ അറിയിച്ചു. യുഎഇ സര്‍ക്കാരും അഡ്‌നോക് ഗ്രൂപ്പും നല്‍കിയ പൂര്‍ണ പിന്തുണയ്ക്ക് അംബാസഡര്‍ നന്ദി പറഞ്ഞു. പഞ്ചാബ് സര്‍ക്കാരും ഏറെ സഹായിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ഇന്ത്യക്കാര്‍ക്ക് പുറമെ ഒരു പാകിസ്ഥാന്‍ സ്വദേശിയും മുസഫയില്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മരിച്ചിരുന്നു. മൂന്ന് പേരും അഡ്‌നോക്കിലെ ജീവനക്കാരാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ ആറ് പേരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരണെന്നും എംബസി സ്ഥിരീകരിച്ചിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് അബുദാബിയില്‍ രണ്ടിടങ്ങളില്‍ സ്‌ഫോടനമുണ്ടായത്. രാവിലെ 10 മണിയോടെ മുസഫയിലും അബുദാബി വിമാനത്താവളത്തിന് സമീപത്തുള്ള നിര്‍മാണ മേഖലയിലുമായിരുന്നു സ്‌ഫോടനങ്ങള്‍. മുസഫയില്‍ മൂന്ന് പേര്‍ മരണപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മുസഫയില്‍ അഡ്‌നോക്കിന്റെ സംഭരണ ശാലയ്ക്ക് സമീപമുള്ള ഐസിഎഡി3ല്‍ മൂന്ന് എണ്ണ ടാങ്കറുകളാണ് പൊട്ടിത്തെറിച്ചത്. ഉടന്‍ തന്നെ തീ പിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചു. യെമനിലെ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണമാണ് സ്‌ഫോടനങ്ങള്‍ക്ക് കാരണമായതെന്ന് തിങ്കളാഴ്ച രാത്രിയോടെ യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Top