കൊടും തണുപ്പിലും അവര്‍ പ്രതിഷേധിച്ചു തങ്ങളുടെ സഹോദരങ്ങള്‍ക്കായി

ഹെല്‍സിങ്കി (ഫിന്‍ലന്‍ഡ്): പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം കത്തിപടരുമ്പോള്‍ പ്രതിഷേധത്തില്‍ പങ്കാളികളായി ഫിന്‍ലന്‍ഡിലെ ഇന്ത്യക്കാരും. കൊടുംതണുപ്പിനെ അവഗണിച്ചാണ് അവര്‍ തങ്ങളുടെ രാജ്യത്തെ ജനങ്ങള്‍ക്കായി തെരുവിലിറങ്ങിയത്.

ഹെല്‍സിങ്കി റെയില്‍വേ സ്റ്റേഷനില്‍  ശനിയാഴ്ച  രാവിലെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഹെല്‍സിങ്കി, വാസ, ടാംപെരെ, തുര്‍കു, ലപ്പീന്റന്ത തുടങ്ങി വ്യത്യസ്ത നഗരങ്ങളില്‍ നിന്നുള്ള 50 ഓളം പേര്‍ പ്രതിഷേധത്തിന്റെ ഭാഗമായി.

സമാധാനപരമായി നടന്ന പ്രതിഷേധത്തില്‍ മനുഷ്യാവകാശ സംരക്ഷണത്തെ പിന്തുണയ്ക്കുന്ന പ്രസംഗങ്ങളും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യങ്ങളും ഉയര്‍ന്നു.

പൗരത്വ നിയമ ഭേദഗതിക്കും വരാനിരിക്കുന്ന ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധിച്ച ജെഎംഐ, എഎംയു എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ പോലീസ് ക്രൂരമായി അടിച്ചമര്‍ത്തുന്നതിനെ ഇവര്‍ രൂക്ഷമായ ഭാഷയില്‍ അപലപിച്ചു.

പ്രതിഷേധക്കാരൊരുമിച്ച് ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ടാണ് 2 മണിക്കൂര്‍ നീണ്ട പ്രതിഷേധം അവസാനിപ്പിച്ചത്.

വിദ്യാര്‍ത്ഥികളുടെയും വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെയും ഇടയില്‍ നടത്തിയ ഒപ്പുശേഖരണ കാമ്പെയ്ന്‍ നൂറിലധികം പേരുടെ പിന്തുണ ലഭിച്ചു. സമാനമായ ഒരു പ്രതിഷേധ പ്രസ്താവന ഹെല്‍സിങ്കിയിലെ ഇന്ത്യന്‍ എംബസിക്ക് സമര്‍പ്പിക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.

 

 

Top