ഖത്തറിലേക്ക് എത്തുന്ന ഇന്ത്യക്കാർക്ക് ഇനി ഹോട്ടൽ ക്വാറന്റീൻ ആവശ്യമില്ല

ദോഹ: ഇന്ത്യയിൽ നിന്നു ഖത്തറിൽ എത്തുന്നവർക്ക് ‍ഞായർ മുതൽ ഹോട്ടൽ ക്വാറന്റീൻ ആവശ്യമില്ല. എന്നാൽ, ഇഹ്‌തെറാസ് മൊബൈൽ ആപ്ലിക്കേഷനിലെ പ്രീ-റജിസ്‌ട്രേഷൻ, കോവിഡ് പരിശോധന എന്നിവയിൽ മാറ്റമില്ല. പുതുക്കിയ നയം 4ന് വൈകിട്ട് ദോഹ സമയം 6.00 നു പ്രാബല്യത്തിലാകും. ക്വാറന്റീൻ നീക്കിയത് ഫിഫ ലോകകപ്പ് കാണാൻ എത്തുന്നവർക്കും മറ്റു പ്രവാസികൾക്കും ആശ്വാസമായി. ഖത്തറിൽ താമസിക്കുന്ന പ്രവാസികൾ വിദേശത്തു നിന്നു മടങ്ങിയെത്തി 24 മണിക്കൂറിനകം റാപ്പിഡ് ആന്റിജൻ പരിശോധന നടത്തണം. പോസിറ്റീവ് എങ്കിൽ ഹോം ക്വാറന്റീനിൽ കഴിയണം.

സിനോഫാം, സിനോവാക്, സ്പുട്‌നിക് വി, കോവാക്‌സീൻ എന്നിവ എടുത്തവരാണെങ്കിൽ പോസിറ്റീവ് സെറോളജി പരിശോധനാഫലവും ഹാജരാക്കണം. മറ്റ് ഖത്തർ അംഗീകൃത വാക്സീൻ എടുത്തവർക്ക് ഇതു വേണ്ട. കോവിഡ് വാക്‌സീൻ എടുത്തവർക്കും അല്ലാത്തവർക്കും കോവിഡ് പരിശോധന (പിസിആർ അല്ലെങ്കിൽ ആന്റിജൻ) നിർബന്ധമാണ്. പിസിആർ പരിശോധനയാണെങ്കിൽ 48 മണിക്കൂറിനുള്ളിലും ആന്റിജൻ ആണെങ്കിൽ 24 മണിക്കൂറിനകവും നടത്തിയതിന്റെ ഫലം കൈവശം ഉണ്ടാകണം. ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും പ്രവാസി താമസക്കാർക്കും ഇഹ്‌തെറാസ്-പ്രീ റജിസ്‌ട്രേഷൻ വേണ്ട.

Top