ഇന്ത്യയെ കളിയാക്കിയ മന്ത്രിക്കെതിരെ പാക്കിസ്ഥാനികളും രംഗത്ത് !

ന്യൂഡല്‍ഹി: ഭീകരവാദത്തിന്റെയും അസമത്വത്തിന്റെയും ഈറ്റില്ലമാണ് പാക്കിസ്ഥാന്‍, എന്നാല്‍ ആ കാര്യങ്ങള്‍ എല്ലാം വിസ്മരിച്ച് ഇന്ത്യയ്ക്ക് നേരെ വിമര്‍ശനം ഉന്നയിക്കാനാണ് ആ രാജ്യം എന്നും താല്‍പര്യം കാണിക്കുന്നത്. ഇന്ത്യന്‍ ശാത്രജ്ഞരുടെ വിയര്‍പ്പായ ചന്ദ്രയാന്‍ 2വിന് നേരെയാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.


ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒയുടെ ചാന്ദ്രദൗത്യം അവസാന നിമിഷം പരാജയപ്പെട്ടപ്പോള്‍ പാക്ക് ശാസ്ത്രസാങ്കേതിക മന്ത്രി ഫവാദ് ചൗധരി നടത്തിയ പരാമര്‍ശം അവരുടെ ഇന്ത്യാ വിരുദ്ധ മനോഭാവം എടുത്തു കാട്ടുന്നതാണ്. ഒരു ജോലി അറിയില്ലെങ്കില്‍ അത് ചെയ്യാന്‍ പോകരുതെന്നായിരുന്നു ചൗധരിയുടെ കളിയാക്കല്‍. ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞരോട് ഒരു ബഹിരാകാശ യാത്രികനെപ്പോലെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറുന്നത്. രാജ്യത്തിന്റെ 900 കോടി പാഴാക്കിയതിന് മോദിയോട് പാര്‍ലമെന്റ് വിശദീകരണം തേടണമെന്നും ഫവാദ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഫവാദ് ചൗധരിയുടെ പരാമര്‍ശത്തിനെതിരെ പാക്കിസ്ഥാനികള്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യയ്ക്ക് മുമ്പേ തന്നെ ബഹിരാകാശ ഏജന്‍സി തുടങ്ങുകയും ഗവേഷണങ്ങള്‍ക്കായി വിനിയോഗിക്കേണ്ട പണം ഭീകരവാദം പ്രോത്സാഹിപ്പിക്കാന്‍ നല്‍കുകയും ചെയ്ത ഒരു രാജ്യത്തിലെ മന്ത്രി തന്നെ ഇത് പറയണമെന്നായിരുന്നു ട്വിറ്ററില്‍ മന്ത്രിക്കെതിരെ ഉയരുന്ന വിമര്‍ശനം. ഒരു രാജ്യത്തിന്റെ ശാസ്ത്ര നേട്ടത്തിനോട് ഇത്രയും അസഹിഷ്ണുതയോടെ പ്രതികരിക്കാന്‍ പാക്കിസ്ഥാനിലെ ശാസ്ത്രസാങ്കേതിക മന്ത്രിക്ക് എങ്ങനെ കഴിയുന്നുവെന്നും ട്വിറ്ററില്‍ ചോദ്യമുയരുന്നുണ്ട്. ബഹിരാകാശ ഗവേഷണത്തിന് വേണ്ടി ഇന്ത്യ 900 കോടിയെങ്കിലും മാറ്റിവച്ചപ്പോള്‍ ഫവാദ് ചൗധരിയെപ്പോലുള്ളവര്‍ ട്വിറ്ററില്‍ ആത്മരതി അടയുകയാണെന്ന് മറ്റൊരു പാക്ക് പൗരന്‍ ട്വിറ്ററില്‍ രോഷം കൊണ്ടു. ഇത്തരത്തിലുള്ള ആള്‍ക്കാരെ മന്ത്രിമാരാക്കിയതില്‍ പാക്കിസ്ഥാന്‍ പൗരന്മാര്‍ സ്വയം നാണിക്കണമെന്നും ചിലര്‍ ട്വിറ്ററിലൂടെ പറഞ്ഞു.

Top