ഇന്ത്യന്‍ വംശജരെ ഉന്നത പദവിയിലേക്ക് നിയോഗിക്കാനൊരുങ്ങി അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജരെ ഉന്നത പദവിയിലേക്ക് നിയോഗിക്കാനൊരുങ്ങി അമേരിക്ക. മൂന്ന് ഇന്ത്യന്‍വംശജരായ അമേരിക്കക്കാരാണ് യുഎസില്‍ ഉന്നതാധികാരപദവിയിലേക്ക് എത്തുന്നത്. ആണവോര്‍ജ പദ്ധതിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായി റിത ബരന്‍വാള്‍, പ്രൈവസി ആന്‍ഡ് സിവില്‍ ലിബര്‍ട്ടീസ് ഓവര്‍സൈറ്റ് ബോര്‍ഡിലെ അംഗമായി ആദിത്യ ബംസായി, അമേരിക്കന്‍ ട്രഷറിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായി ബിമല്‍ പട്ടേലുമാണ് സുപ്രധാന തസ്തികകളിലേക്ക് എത്തുന്നത്. മൂന്നുപേരെയും നാമനിര്‍ദേശം ചെയ്തുള്ള പട്ടിക സെനറ്റ് സമര്‍പ്പിച്ചു.

നാവികസേനയുടെ അണുനിലയങ്ങള്‍ക്ക് ആവശ്യമായ ഇന്ധനം കണ്ടെത്തിയതിലൂടെയാണ് റിത ന്യൂക്ലിയര്‍ എനര്‍ജിയുടെ പദവിയില്‍ എത്തുന്നത്. മുമ്പ് അമേരിക്കന്‍ നീതിന്യായവകുപ്പിന്റെ നിയമോപദേശകനായിരുന്നു ബംസായി. നിലവില്‍ ഫിനാന്‍ഷ്യല്‍ സ്‌റ്റെബിലിറ്റി ഓവര്‍സൈറ്റ് കൗണ്‍സിലിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയാണ് ബിമല്‍ പട്ടേല്‍. ആദ്യമായി ക്യാബിനറ്റ് പദവിയിലെത്തിയ ഇന്ത്യന്‍ വംശജയായ നിക്കി ഹാലേയും ആദ്യ അമേരിക്കന്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായ രാജ് ഷായും ട്രംപ് സര്‍ക്കാരില്‍നിന്നു പുറത്തുപോയിരുന്നു. ട്രംപിന്റെ വിശ്വസ്തനായിരുന്ന രാജ് ഷാ വൈറ്റ്ഹൗസിന്റെ ഉപവക്താവ് സ്ഥാനത്തുനിന്ന് കഴിഞ്ഞദിവസമാണ് രാജിവച്ചത്. ഇതുവരെ ഏകദേശം 36 ഇന്ത്യന്‍ വംശജരെ ട്രംപ് പ്രധാന പദവിയിലേക്ക് നാമനിര്‍ദേശം ചെയ്യുകയോ നിയമിക്കുകയോ ചെയ്തിട്ടുണ്ട്.

Top