ഇന്ത്യന്‍ പൗരന് അമേരിക്കയില്‍ രണ്ടു വര്‍ഷം തടവ്

വാഷിങ്ടണ്‍: കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടതിന് പ്രതികാരമായി 1,200 മൈക്രോസോഫ്റ്റ് ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത ഇന്ത്യന്‍ പൗരന് അമേരിക്കന്‍ കോടതി രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചു. ഡല്‍ഹി സ്വദേശിയായ ദീപാന്‍ഷു ഖേറിനെയാണ് അമേരിക്കയിലെ കാലഫോര്‍ണിയ ജില്ലാ കോടതി ശിക്ഷിച്ചത്. ഇക്കഴിഞ്ഞ ജനുവരി 11ന് ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കടക്കുമ്പോഴാണ് ഇയാള്‍ അറസ്റ്റിലാവുന്നത്. രണ്ടു വര്‍ഷത്തെ തടവിന് പുറമെ 5,67,084 യുഎസ് ഡോളര്‍ തുക കമ്പനിയ്ക്കുണ്ടായ നഷ്ടങ്ങള്‍ നികത്തുന്നതിനായി പ്രതി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ദീപാന്‍ഷു നടത്തിയ അട്ടിമറി നടപടി കമ്പനിയ്ക്ക് വിനാശമുണ്ടാക്കുന്നതാണെന്ന് യുഎസ് ആക്ടിങ് അറ്റോര്‍ണി റാണ്ടി ഗ്രോസ്മാന്‍ പറഞ്ഞു. പ്രതി കമ്പനിക്കെതിരേ വ്യക്തിപരമായ പ്രതികാരമാണ് ചെയ്തിരിക്കുന്നതെന്ന് ശിക്ഷാവിധി പ്രഖ്യാപിച്ച യുഎസ് ജില്ലാ കോടതി ജഡ്ജി മെര്‍ലിന്‍ ഹഫ് വ്യക്തമാക്കി. കമ്പനിക്കെതിരേ സുപ്രധാനവും നൂതനവുമായ ആക്രമണമാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2017 മുതല്‍ 2018 മെയ് വരെ ഒരു ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കണ്‍സള്‍ട്ടിങ് സ്ഥാപനത്തിലാണ് ദീപാന്‍ഷു ഖേര്‍ ജോലി ചെയ്തിരുന്നത്.

മൈക്രോസോഫ്റ്റ് ഓഫിസ് 365 (MS O 365) ന്റെ അപ്ഗ്രഡേഷനുമായി ബന്ധപ്പെട്ട ജോലികള്‍ക്കായാണ് ദീപാന്‍ഷുവിനെ 2017 ല്‍ കമ്പനി ആസ്ഥാനത്ത് നിയമിക്കുന്നത്. എന്നാല്‍, ദീപാന്‍ഷു ഖേറിന്റെ പ്രവര്‍ത്തനത്തില്‍ കമ്പനി അതൃപ്തനായിരുന്നു, ദീപാന്‍ഷു ഖേറിന്റെ വരവിന് തൊട്ടുപിന്നാലെ കണ്‍സള്‍ട്ടിങ് സ്ഥാപനത്തോട് അവരുടെ അതൃപ്തി അറിയിച്ചു. 2018 ജനുവരിയില്‍ കണ്‍സള്‍ട്ടിങ് സ്ഥാപനം ദീപാന്‍ഷു ഖേറിനെ കമ്പനിയുടെ ആസ്ഥാനത്തു നിന്ന് മാറ്റി. കുറച്ചു മാസങ്ങള്‍ക്ക് ശേഷം 2018 മെയ് 4ന് കമ്പനി ദീപാന്‍ഷുവിനെ പുറത്താക്കി. ഒരു മാസത്തിനു ശേഷം 2018 ജൂണില്‍ ദീപാന്‍ഷു ഖേര്‍ അമേരിക്കയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങി. രണ്ടു മാസത്തിനു ശേഷം 2018 ആഗസ്ത് 8 ന് ദീപാന്‍ഷു കാള്‍സ്ബാഡ് കമ്പനിയുടെ സെര്‍വര്‍ ഹാക്ക് ചെയ്യുകയും 1,500 MS O365 ഉപയോക്തൃ അക്കൗണ്ടുകളില്‍ 1,200 ലധികം ഡിലീറ്റ് ചെയ്യുകയുമായിരുന്നു.

ആക്രമണം കമ്പനിയുടെ ഭൂരിഭാഗം ജീവനക്കാരെയും ബാധിച്ചെന്നും രണ്ടു ദിവസത്തേക്ക് കമ്പനി പൂര്‍ണ്ണമായും അടച്ചുപൂട്ടിയെന്നും ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ ആരോപിച്ചു. കമ്പനിയുടെ അകത്തും പുറത്തും അതിന്റെ ആഘാതം അനുഭവപ്പെട്ടതായി കമ്പനിയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വൈസ് പ്രസിഡന്റ് (ഐടി) വിശദീകരിച്ചു. ജീവനക്കാരുടെ അക്കൗണ്ടുകള്‍ ഇല്ലാതാക്കിയതോടെ അവരുടെ ഇ-മെയില്‍, കോണ്‍ടാക്ട് ലിസ്റ്റുകള്‍, മീറ്റിങഗ് കലണ്ടറുകള്‍, കോര്‍പറേറ്റ് ഡയറക്ടറികള്‍, വീഡിയോ, ഓഡിയോ കോണ്‍ഫറന്‍സുകള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചു.


Top