ചാറ്റ്ജിപിടിയില്‍ ലോഗിന്‍ ചെയ്ത ഇമെയിലുകള്‍ സ്വകാര്യത ഭീഷണി നേരിടുന്നുവെന്ന് ഇന്‍ഡ്യാന യൂണിവേഴ്സിറ്റി

ചാറ്റ്ജിപിടിയില്‍ ലോഗിന്‍ ചെയ്ത ഇമെയിലുകള്‍ സ്വകാര്യത ഭീഷണി നേരിടുന്നുവെന്ന് ഇന്‍ഡ്യാന യൂണിവേഴ്സിറ്റി. യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി വിദ്യാര്‍ഥിയായ റൂയി ഷുവിന്റെ നേതൃത്വത്തിലുള്ള പഠനത്തിലായിരുന്നു ഞെട്ടിക്കുന്ന കണ്ടെത്തല്‍. ഓപണ്‍എ.ഐ-യുടെ ചാറ്റ്ജിപിടിക്ക് ശക്തിപകരുന്ന ഭാഷാ മോഡലായ GPT-3.5 ടര്‍ബോയുമായി ബന്ധപ്പെട്ടുള്ള സ്വകാര്യത ഭീഷണിയാണ് അവര്‍ കണ്ടെത്തിയത്. എ.ഐ-യില്‍ നിന്ന് ലഭിച്ച ഇമെയില്‍ വിലാസങ്ങള്‍ ഉപയോഗിച്ച് ന്യൂയോര്‍ക്ക് ടൈംസിലെ പ്രമുഖരുള്‍പ്പെടെയുള്ളവരെ ബന്ധപ്പെടാന്‍ കഴിഞ്ഞ മാസം ഷു ഈ മോഡല്‍ ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.

ഗൂഗിളും, ഓപണ്‍എ.ഐയും അടക്കം എ.ഐ രംഗത്ത് സജീവമായ കമ്പനികള്‍, വ്യക്തിഗത വിവരങ്ങള്‍ ചോരുന്നത് തടയുന്നതിനായി വിവിധ സുരക്ഷാ മാര്‍ഗങ്ങളാണ് തങ്ങളുടെ എഐ മോഡലുകളില്‍ ഉപയോഗിക്കുന്നത്. എന്നാല്‍, അവ മറികടക്കാനുള്ള വഴിയാണ് ഗവേഷകര്‍ കണ്ടെത്തിയത്. ജിപിടി-3.5 ടര്‍ബോയുടെ വ്യക്തിവിവരങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള കഴിവാണ് ഗവേഷകര്‍ ഇതിനായി പ്രയോജനപ്പെടുത്തിയത്. അതിന്റെ സ്വകാര്യത സംരക്ഷണ മാര്‍ഗ്ഗങ്ങളെ മറികടന്നായിരുന്നു ഇ-മെയില്‍ വിലാസങ്ങള്‍ നേടിയെടുത്തത്. തിരഞ്ഞ 80 ശതമാനം ന്യൂയോര്‍ക്ക് ടൈംസ് ജീവനക്കാരുടെയും ഇമെയിലുകള്‍ കൃത്യമായി തന്നെ എ.ഐ നല്‍കുകയായിരുന്നു. ചാറ്റ് ജിപിടി പോലുള്ള എഐ ടൂളുകളില്‍ വ്യക്തി വിവരങ്ങള്‍ സുരക്ഷിതമല്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.

ജിപിടി 3.5 ടര്‍ബോ, ജിപിടി 4 തുടങ്ങിയ ലാംഗ്വേജ് മോഡലുകളെ തുടര്‍ച്ചയായി പുതിയ വിവരങ്ങളില്‍ നിന്ന് പഠിക്കുന്നതിനായാണ് ഓപ്പണ്‍ എഐ രൂപകല്‍പന ചെയ്തിരിക്കുന്നത്. പ്രത്യേക വിഷയങ്ങളില്‍ കൃത്യമായ അറിവ് നല്‍കുന്നതിനായുള്ള മോഡലിന്റെ ഫൈന്‍ ട്യൂണിങ് ഇന്റര്‍ഫേസ് മോഡലിന്റെ പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാന്‍ ഗവേഷകര്‍ ഉപയോഗപ്പെടുത്തി. സാധാരണ ഇന്റര്‍ഫേസ് വഴി നിരസിക്കുന്ന അഭ്യര്‍ത്ഥനകള്‍ ഈ രീതി ഉപയോഗിച്ച് അംഗീകരിച്ചു.

Top