മികച്ച പ്രകടനവുമായി ഇന്ത്യന്‍ യുവനിര ; ഓസ്‌ട്രേലിയക്ക് 328 റണ്‍സ് വിജയലക്ഷ്യം

Under-19

വെല്ലിങ്ടണ്‍: അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് 328 റണ്‍സ് വിജയലക്ഷ്യവുമായി ഇന്ത്യ. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സാണ് ഇന്ത്യന്‍ നിര സ്വന്തമാക്കിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആരംഭത്തില്‍ തന്നെ മികച്ച തുടക്കമാണ് കാഴ്ചവെച്ചത്.

ക്യാപ്റ്റന്‍ പൃഥ്വി ഷായുടെയും മന്‍ജോത് കള്‍റയുടെയും 29.4 ഓവറില്‍ 180 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുക്കെട്ടില്‍ ഇന്ത്യക്ക് മികച്ച നേട്ടം കൈവരിക്കാനായി. പൃഥ്വി ഷാ 100 പന്തില്‍ 94 റണ്‍സ് നേടിയപ്പോള്‍ മന്‍ജോത് 99 പന്തില്‍ 86 റണ്‍സ് നേടി.

സതര്‍ലാന്‍ഡ് പൃഥ്വി ഷായെ പുറത്താക്കുകയായിരുന്നു. പകരം എത്തിയ ശുഭം ഗില്‍ 54 പന്തില്‍ 63 റണ്‍സെടുക്കുന്നതിനിടയില്‍ എഡ്വാര്‍ഡ്‌സ് പുറത്താക്കുകയായിരുന്നു. മികച്ച തുടക്കം കൈവരിച്ച ഇന്ത്യയ്ക്ക് അവസാന പത്ത് ഓവറുകളില്‍ അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.

റാണ 14 റണ്‍സെടുത്ത് പുറത്തു പോയപ്പോള്‍ 6 റണ്‍സെടുത്ത് റോയ് ക്രീസ് വിട്ടു. ഓസീസിനായി ഒമ്പത് ഓവറില്‍ 65 റണ്‍സ് നേടി നാല് വിക്കറ്റ് സ്വന്തമാക്കുകയായിരുന്നു എഡ്വാര്‍ഡ്‌സ്.

Top