ബോളിംഗ് മികവ്; ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യാകപ്പ് കിരീടം നിലനിര്‍ത്തി

ദുബയ്: ഏഷ്യാകപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നിലനിര്‍ത്തി. ബംഗ്ലാദേശിന് ബാറ്റിങില്‍ മികച്ച തുടക്കം കിട്ടിയിട്ടും മുതലെടുക്കാനായില്ല. ബോളിങില്‍ അതിനു പകരം വീട്ടാനും കഴിഞ്ഞില്ല. സ്പിന്നര്‍മാരുടെ മികവില്‍ ബംഗ്ലദേശ് മധ്യനിരയെയും വാലറ്റത്തെയും പിടിച്ചിട്ട ഇന്ത്യയ്ക്ക് ബോളിങ് മികവിലാണ് ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കാനായത്. സ്‌കോര്‍: ബംഗ്ലദേശ് 48.3 ഓവറില്‍ 222നു പുറത്ത്. ഇന്ത്യ 50 ഓവറില്‍ ഏഴിന് 223. ഏഷ്യ കപ്പില്‍ ഇന്ത്യയുടെ ആറാം കിരീടമാണിത്. 2016ലെ പ്രഥമ ട്വന്റി20 ഏഷ്യ കപ്പ് നേട്ടം കൂടി ചേര്‍ത്താല്‍ ഏഴാമത്തെ കരീടമാണിത്. ഓപ്പണര്‍ ലിറ്റന്‍ ദാസിന്റെ ഉജ്വല സെഞ്ചുറി (121) മാത്രമാണ് ബംഗ്ലദേശ് ബാറ്റിങിന്റെ ഹൈലൈറ്റ്. ശേഷം ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കളി ഏറ്റെടുത്തു.

ലിറ്റന്‍ ദാസും മെഹ്ദി ഹസനും (32) ഓപ്പണിങ് വിക്കറ്റില്‍ 120 റണ്‍സ് ചേര്‍ത്ത ശേഷമായിരുന്നു ബംഗ്ലദേശിന്റെ തകര്‍ച്ച. പത്തു വിക്കറ്റുകള്‍ അവര്‍ക്കു നഷ്ടമായത് 102 റണ്‍സ് എടുക്കുന്നതിനിടെ. കുല്‍ദീപ് മൂന്നും കേദാര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. വിക്കറ്റിനു പിന്നില്‍ ധോണിയുടെ മികച്ച പ്രകടനവും രവീന്ദ്ര ജഡേജയുടെ ഉജ്വല ഫീല്‍ഡിങും ബംഗ്ല തകര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ചു. രണ്ടു സ്റ്റംപിങുകളും മൂന്ന് റണ്‍ഔട്ടുകളുമാണ് ബംഗ്ല ഇന്നിങ്‌സില്‍.

ഇമ്രുല്‍ കയെസിനെയും സൗമ്യ സര്‍ക്കാരിനെയും ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറക്കി ലിറ്റന്‍മെഹ്ദി കൂട്ടുകെട്ടിനെയാണ് ബംഗ്ല ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍ത്താസ ഓപ്പണിങിനു നിയോഗിച്ചത്. അതു സുന്ദരമായി ഫലിച്ചു.

ലിറ്റന്‍ അടിച്ചു തകര്‍ത്തപ്പോള്‍ മെഹ്ദി മികച്ച കൂട്ടായി. ബുമ്രയുടെയും ഭുവനേശ്വറിന്റെയും പന്തുകള്‍ തുടരെ ബൗണ്ടറിയിലേക്കു പായിച്ച ലിറ്റന്‍ ബോളിങ് മാറ്റമായി യുസ്വേന്ദ്ര ചാഹല്‍ എത്തിയപ്പോള്‍ സിക്‌സറോടെയാണ് വരവേറ്റത്. ബംഗ്ലദേശ് വന്‍ സ്‌കോറിലേക്കു കുതിക്കും എന്നു കരുതിയിരിക്കെ ജാദവ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നല്‍കി. മെഹ്ദി കവറില്‍ അമ്പാട്ടി റായുഡുവിന്റെ കയ്യില്‍. ബംഗ്ലദേശിന്റെ തകര്‍ച്ച അവിടെ തുടങ്ങി. വിക്കറ്റ് നഷ്ടമില്ലാതെ 120 റണ്‍സ് എന്ന നിലയില്‍ നിന്ന് അഞ്ചിന് 151 എന്ന നിലയിലേക്ക് ബംഗ്ലദേശ് വീണു. 28 പന്തുകളാണ് റണ്‍ വഴങ്ങാതെ ജാദവ് എറിഞ്ഞത്. ആറാമനായി എത്തി ലിറ്റനു കൂട്ടായെത്തിയ സൗമ്യ സര്‍ക്കാരാണ് (33) ബംഗ്ല ഇന്നിങ്‌സ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. കുല്‍ദീപിന്റെ പന്തു മനസ്സിലാക്കുന്നതില്‍ പിഴച്ച ലിറ്റനെ തലനാരിഴ വ്യത്യാസത്തില്‍ ധോണി സ്റ്റംപ് ചെയ്തതോടെ ആ കൂട്ടുകെട്ടും തീര്‍ന്നു. 117 പന്തുകളില്‍ 12 ഫോറും രണ്ടു സിക്‌സും അടങ്ങുന്നതാണ് ലിറ്റന്റെ സെഞ്ചുറി.

മറുപടി ബാറ്റിങില്‍ ഇന്ത്യയുടെ തുടക്കം പതിയെ. എന്നാല്‍ ബംഗ്ലദേശിനെപ്പോലെയായില്ല ഇന്ത്യ. ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ (48), ദിനേഷ് കാര്‍ത്തിക് (37), എം.എസ് ധോണി (36), കേദാര്‍ ജാദവ് (23*), രവീന്ദ്ര ജഡേജ (23), ഭുവനേശ്വര്‍ കുമാര്‍ (21) എന്നിവര്‍ വിജയത്തിലേക്കു സംഭാവന നല്‍കി. പരുക്കു മൂലം ആദ്യം മടങ്ങിയ കേദാര്‍ പിന്നീട് തിരിച്ചെത്തിയാണ് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയത്.

ഇന്ത്യയുടെ ഏഴാമത്തെ ഏഷ്യാ കപ്പ് കിരീടവിജയമാണ് ദുബായിലേത്. ഇതിനു മുന്‍പ് 1984, 1988, 1990, 1995, 2010, 2016 വര്‍ഷങ്ങളിലും ഇന്ത്യ കിരീടം ചൂടിയിട്ടുണ്ട്. അഞ്ച് കിരീടവിജയങ്ങളുമായി (1986, 1997, 2004, 2008, 2014) ശ്രീലങ്കയാണ് ആകെ കിരീടനേട്ടത്തില്‍ രണ്ടാമതുള്ളത്. രണ്ടു തവണ പാക്കിസ്ഥാനും (2000, 2012) ഏഷ്യാകപ്പ് കിരീടം ചൂടിയിട്ടുണ്ട്.

അതേസമയം ഫൈനല്‍ കടമ്പയില്‍ തട്ടിവീഴുന്നവരെന്ന ചീത്തപ്പേര് ഇക്കുറിയും ബംഗ്ലദേശിനെ വിട്ടൊഴിഞ്ഞില്ല. അവര്‍ ഫൈനലില്‍ തോല്‍വി വഴങ്ങുന്ന ആറാമത്തെ പ്രധാന ടൂര്‍ണമെന്റാണിത്. ത്രിരാഷ്ട്ര പരമ്പര (2009, ശ്രീലങ്കയോട് രണ്ടു വിക്കറ്റിന് തോറ്റു), ഏഷ്യാ കപ്പ് (2012, പാക്കിസ്ഥാനോട് രണ്ടു റണ്‍സിനു തോറ്റു), ഏഷ്യാ കപ്പ് (2016, ഇന്ത്യയോട് എട്ടു വിക്കറ്റിനു തോറ്റു), ത്രിരാഷ്ട്ര പരമ്പര (2018, ശ്രീലങ്കയോട് 79 റണ്‍സിന് തോറ്റു), നിദാഹാസ് ട്രോഫി (2018, ഇന്ത്യയോട് നാലു വിക്കറ്റിനു തോറ്റു) എന്നിവയാണ് ബംഗ്ലദേശ് തോറ്റ പ്രധാന ഫൈനലുകള്‍.

Top