കാര്‍ അപകടത്തിന് ശേഷം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ഇന്ന് ഐപിഎല്ലിലേക്ക് തിരിച്ചെത്തും

ചണ്ഡീഗഢ്: ജീവന്‍ അത്ഭുതകരമായി തിരിച്ചുകിട്ടിയ കാര്‍ അപകടത്തിന് ശേഷം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ഇന്ന് ഐപിഎല്ലിലേക്ക് തിരിച്ചെത്തും. പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും. ഉച്ചയ്ക്ക് 3.30ന് പഞ്ചാബിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.

കന്നിക്കിരീടത്തിനായുള്ള കാത്തിരിപ്പ് ഇത്തവണയെങ്കിലും അവസാനിപ്പിക്കണമെന്ന് ഉറപ്പിച്ചാണ് പഞ്ചാബ് കിംഗ്‌സിന്റെ വരവ്. പേരുമാറ്റിയും ക്യാപ്റ്റന്‍മാരെ മാറ്റിയും പലവിധ പരീക്ഷണങ്ങള്‍ നടത്തിയിട്ടും ഐപിഎല്‍ ട്രോഫി സ്വന്തമാക്കാന്‍ ടീമിന് സാധിച്ചിട്ടില്ല. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ ജോണി ബെയ്ര്‍‌സ്റ്റോ, റെയ്ലി റൂസോ, ജിതേഷ് ശര്‍മ എന്നിവരടങ്ങിയ ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് നിരയാണ് കരുത്ത്. പിന്നാലെയെത്തുന്ന ലിയാം ലിവിംഗ്സ്റ്റന്‍, സാം കറന്‍, സിക്കന്ദര്‍ റാസ, ക്രിസ് വോക്‌സ് എന്നീ ഓള്‍റൗണ്ടര്‍മാര്‍കൂടി ചേരുന്നതോടെ ബാറ്റിംഗ് സുസജ്ജം. കാഗിസോ റബാഡ- അര്‍ഷ്ദീപ് സിംഗ് പേസ് ജോഡിക്കാണ് ബൗളിംഗിന്റെ ചുമതല. എന്നാല്‍ സീസണ്‍ തുടങ്ങുമ്പോള്‍ കളി മറക്കുന്ന പഞ്ചാബില്‍ നിന്ന് ഇത്തവണ മാറ്റമുണ്ടാകുമോയെന്നാണ് ആകാംഷ.

ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മത്സരത്തില്‍ ശ്രദ്ധാകേന്ദ്രം റിഷഭ് പന്ത് അല്ലാതെ മറ്റാരുമല്ല. കാറപകടത്തില്‍ പരിക്കേറ്റ് ഒന്നര വര്‍ഷത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന റിഷഭ് പന്തിന്റെ ബാറ്റിംഗ് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. പന്ത് ഫിറ്റ്‌നസ് തെളിയിച്ചതായും വിക്കറ്റ് കീപ്പര്‍ ബാറ്ററായി കളിക്കുന്നതില്‍ തടസമില്ലെന്നും ബിസിസിഐ മെഡിക്കല്‍ സംഘം അറിയിച്ചിട്ടുണ്ട്. ഡേവിഡ് വാര്‍ണര്‍, പൃഥ്വി ഷാ, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ അടങ്ങിയ ടോപ്പ് ഓര്‍ഡര്‍ ബാറ്റിംഗ് നിരയ്ക്ക് പന്തിന്റെ വരവോടെ കരുത്ത് കൂടും. റിഷഭ് പന്തില്ലാതെ ഇറങ്ങിയ അവസാന സീസണില്‍ ടീം ഒന്‍പതാം സ്ഥാനത്ത് ഒതുങ്ങിയിരുന്നു. എന്നാല്‍ 4 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കും ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിഡിയും ഇത്തവണ കളിക്കാനില്ലാത്തത് ഡല്‍ഹിക്ക് തിരിച്ചടിയാണ്. കുല്‍ദീപ് യാദവും അക്‌സര്‍ പട്ടേലും നയിക്കുന്ന സ്പിന്‍ ബൗളിംഗ് പ്രതീക്ഷയാവും.

Top