മലേഷ്യയെ വെട്ടിലാക്കി ഇന്ത്യന്‍ വ്യാപാരികള്‍; പാമോയില്‍ ഇറക്കുമതി ചെയ്യരുതെന്ന്‌ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിന്റെ ഇന്ത്യയ്ക്കെതിരെയുള്ള പരാമര്‍ശത്തില്‍ പ്രതിഷേധം കടുപ്പിച്ച് പാമോയില്‍ വ്യാപാരികള്‍. മലേഷ്യയില്‍നിന്നുള്ള പാമോയില്‍ വാങ്ങരുതെന്നാണ് വ്യാപാരികളുടെയും ഇറക്കുമതിക്കാരുടെയും സംഘടനയുടെ തീരുമാനം. മലേഷ്യയോടുള്ള പ്രതിഷേധസൂചകമായി കേന്ദ്രസര്‍ക്കാര്‍ അവിടെനിന്നുള്ള പാമോയില്‍ ഇറക്കുമതിയില്‍ നിയന്ത്രണം വരുത്തിയേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കത്തിന് പിന്തുണയുമായി വ്യാപാരികളും രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യ-മലേഷ്യ പ്രശ്‌നങ്ങളില്‍ പാമോയില്‍ വ്യവസായത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും രാജ്യത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായിരിക്കണം നമ്മുടെ തീരുമാനമെന്നും പാമോയില്‍ വ്യാപാരികളുടെ സംഘടനയായ സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മലേഷ്യയില്‍നിന്ന് പമോയില്‍ വാങ്ങരുതെന്നും പകരം ഇന്‍ഡോനേഷ്യ,അര്‍ജന്റീന,യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പാമോയില്‍ ഇറക്കുമതി ഉയര്‍ത്തണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.

ഐക്യരാഷ്ട്ര സഭയിലായിരുന്നു മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ രംഗത്തെത്തിയത്. ഇന്ത്യ കശ്മീരില്‍ അധിനിവേശം നടത്തിയെന്നും പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. ഇതിനു പിന്നാലെയാണ് മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതിയില്‍ ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.ഇന്ത്യ മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതി അവസാനിപ്പിച്ചാല്‍ അത് മലേഷ്യയെ കനത്ത പ്രതിസന്ധിയിലാക്കും.

Top