രോഹിത് ശര്‍മയെ വരവേറ്റ് ഇന്ത്യന്‍ ടീം

മെല്‍ബണ്‍: ക്വാറന്റീനു ശേഷം രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. ബുധനാഴ്ച്ച ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ‘ഹിറ്റ്മാന്‍’ മെല്‍ബണില്‍ ടീമിനൊപ്പം തിരിച്ചെത്തുന്നതിന്റെ വീഡിയോ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡാണ് (ബിസിസിഐ) പുറത്തുവിട്ടത്. പൃഥ്വി ഷാ, രവീന്ദ്ര ജഡേജ, വൃധിമാന്‍ സാഹ എന്നിവരാണ് താരത്തെ ആദ്യം വരവേല്‍ക്കുന്നത്. പിന്നാലെ ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ടി നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയവര്‍ രോഹിത്തിനെ ആശ്ലേഷിക്കുന്നുണ്ട്.

മുംബൈ ഇന്ത്യന്‍സിന് ഐപിഎല്‍ കിരീടം നേടിക്കൊടുത്തതിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചുമടങ്ങിയതായിരുന്നു രോഹിത് ശര്‍മ. നിലവില്‍ രോഹിത് സിഡ്നി ടെസ്റ്റില്‍ കളിക്കുമോയെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. മൂന്നാം ടെസ്റ്റില്‍ രോഹിത്തായിരിക്കും ഓപ്പണമെന്ന് ഓസ്ട്രേലിയ വിടും മുന്‍പ് കൊഹ്‌ലി അറിയിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ ഫിറ്റ്നസ് വിലയിരുത്തിയതിന് ശേഷം മാത്രമേ സിഡ്നിയില്‍ അദ്ദേഹം കളിക്കുമോയെന്ന് പറയാന്‍ സാധിക്കുകയുള്ളൂവെന്ന് രവി ശാസ്ത്രി ചൊവാഴ്ച്ച പറഞ്ഞിരുന്നു. ജനുവരി ഏഴിനാണ് സിഡിന് ടെസ്റ്റിന് തുടക്കമാവുന്നത്.

Top