കുംബ്ലെ ഇല്ലാതെ ഇന്ത്യന്‍ ടീം വെസ്റ്റിന്‍ഡീസ് പര്യടനത്തിന്

ലണ്ടന്‍:ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മുഖ്യ പരിശീലകന്‍ അനില്‍ കുംബ്ലെ ഇല്ലാതെ ഇന്ത്യന്‍ ടീം വെസ്റ്റിന്‍ഡീസ് പര്യടനത്തിന് പുറപ്പെട്ടു.

ജൂണ്‍ 23ന് ആരംഭിക്കുന്ന നിയന്ത്രിത ഓവര്‍ മത്സരത്തിനായാണ് ടീം ഇന്ത്യ വെസ്റ്റിന്‍ഡീസിലേക്ക് പുറപ്പെട്ടത്.

ഐസിസി മീറ്റിംഗില്‍ പങ്കെടുക്കേണ്ടതിനാലാണ് അനില്‍ കുംബ്ലെ ടീമിനൊപ്പം പോകാതിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഐസിസിയുടെ കളി നിയമങ്ങള്‍ പരിഗണിക്കുന്ന കമ്മറ്റിയുടെ ചെയര്‍മാനാണ് അനില്‍ കുംബ്ലെ. തിങ്കളാഴ്ച ആരംഭിച്ച ഐസിസിയുടെ വാര്‍ഷിക പൊതുയോഗം 23നാണ് അവസാനിക്കുന്നത്.

ജൂണ്‍ 22നാണ് കുംബ്ലെ പങ്കെടുക്കേണ്ട യോഗം നടക്കുന്നത്. കുംബ്ലെയില്ലാതെയാണ് ടീം വെസ്റ്റിന്‍ഡീസിലേക്ക് പോയിരിക്കുന്നതെന്ന് ടീം വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

കുംബ്ലെയും വിരാട് കോഹ്‌ലിയും തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കുന്ന അവസ്ഥയിലാണ് പരിശീലകനില്ലാതെ ഇന്ത്യന്‍ ടീമിന്റെ യാത്ര.

ബി സി സി ഐയുടെ ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലും കുംബ്ലെയുമായുള്ള ഭിന്നത കോഹ്‌ലി, വ്യക്തമാക്കിയിരുന്നു.

ഇരുവരുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ ഉപദേശക സമിതി അംഗങ്ങള്‍ ശ്രമിച്ചെങ്കിലും പരിഹരിക്കാനായില്ല

Top