ഒളിമ്പിക്‌സില്‍ അഞ്ച് മെഡലുമായി ഇന്ത്യന്‍ ടീം ; പക്ഷെ സ്വീകരണം ഇല്ല

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഏത് മത്സരത്തിന് പങ്കെടുക്കാന്‍ പോയാലും തിരിച്ചു വരുന്ന ടീമിന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് വരവേല്‍പ്പ് നല്‍കാറുള്ളത്. അത് വിജയത്തോടെ ആണെങ്കിലോ പറയുകയും വേണ്ട.

എന്നാല്‍, തിരസ്‌കാരത്തിന്റെ കയ്പുനീര് കുടിക്കേണ്ടി വരുന്നവരും നിരവധിയാണ്. ബധിരരുടെ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിന് അത്തരമൊരു അവഗണനയാണ് ന്യൂഡല്‍ഹിയിലെ വിമാനത്താവളത്തില്‍ ലഭിച്ചത്.

തുര്‍ക്കിയില്‍ നടന്ന ബധിരരുടെ ഒളിമ്പിക്‌സില്‍ ഒരു സ്വര്‍ണമടക്കം അഞ്ചു മെഡലുകള്‍ രാജ്യത്തിന് വേണ്ടി നേടിയ ശേഷമാണ് അവര്‍ തിരിച്ചുവന്നത്.

എന്നാല്‍ വിമാനത്താവളത്തില്‍ ഇന്ത്യന്‍ സംഘത്തെ സ്വീകരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ആരും അവരെ തിരിച്ചറിഞ്ഞതു പോലുമില്ല. തുടര്‍ന്ന് പ്രതിഷേധമെന്നോണം 46 അംഗ സംഘം വിമാനത്താവളത്തില്‍ കുത്തിയിരുന്നു.

സംസാരിക്കാനും കേള്‍ക്കാനും കഴിയാത്തതിനാല്‍ ആംഗ്യത്തിലൂടെയായിരുന്നു പ്രതിഷേധം. തങ്ങളുടെ മെഡലുകള്‍ തിരിച്ചു നല്‍കുമെന്നും അവര്‍ ഭീഷണി മുഴക്കി.

ഓഗസ്റ്റ് ഒന്നിന് വരുന്ന കാര്യം ജൂലൈ 25ന് തന്നെ മെയില്‍ ചെയ്തിരുന്നു. പക്ഷേ ഒരു മറുപടിയും ലഭിച്ചില്ല. രാവിലെ മുതല്‍ അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിച്ചു. ആരുടെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായില്ല.

ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഓഫ് ദ ഡഫിന്റെ പ്രൊജക്ട് ഓഫീസര്‍ കേതന്‍ ഷാ ഇതിനോട് രൂക്ഷമായാണ് പ്രതികരിച്ചത്. ‘

ഒളിമ്പിക്‌സിലെയും പാരാലിമ്പിക്‌സിലെയും താരങ്ങള്‍ക്ക് സര്‍ക്കാര്‍ സ്വീകരണമൊരുക്കുന്നു. ബധിരരുടെ ഒളിമ്പിക്‌സും അതുപോലെയാണ്. ഡഫ്‌ലിമ്പിക്‌സില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. എന്നിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ല’. കേതന്‍ ഷാ ചൂണ്ടിക്കാട്ടി.

Top