എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളിനായി ഇന്ത്യന്‍ ടീം ഖത്തറിലെത്തി

ദോഹ: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളിനായി ഇന്ത്യന്‍ ടീം ഖത്തറിലെത്തി. സുനില്‍ ഛേത്രിയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘമാണെത്തിയത്. ഉജ്ജ്വല വരവേല്‍പ്പാണ് ഇന്ത്യന്‍ ടീമിന് ആരാധകര്‍ ഒരുക്കിയത്. ഖത്തറിലേക്കെത്തിയ ഇന്ത്യന്‍ ടീമിനെ കാത്ത് നിരവധി ആരാധകര്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു.

മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദും രാഹുല്‍ കെപിയും ടീമിലിടം നേടിയിട്ടുണ്ട്. സഹലിന് പരിക്കിന്റെ ആശങ്കയുണ്ടായിരുന്നെങ്കിലും ഫിറ്റ്നസ് വീണ്ടെടുത്ത താരത്തെ സ്റ്റിമാക് ടീമിലുള്‍പ്പെടുത്തുകയായിരുന്നു. രാഹുല്‍ കെ പി, ഇഷാന്‍ പണ്ഡിത, പ്രീതം കോട്ടാല്‍ എന്നിവരാണ് സ്‌ക്വാഡില്‍ ഇടംനേടിയ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍. ഇവര്‍ സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്സ് ടീമിലുണ്ടാകില്ല.കഴിഞ്ഞ ദിവസമാണ് എഎഫ്സി ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യന്‍ സീനിയര്‍ പുരുഷ ഫുട്ബോള്‍ ടീമിനെ കോച്ച് ഇഗോര്‍ സ്റ്റിമാക് പ്രഖ്യാപിച്ചത്. ഏഷ്യന്‍ കപ്പിനായി ബ്ലൂ ടൈഗേഴ്സ് ശനിയാഴ്ച ദോഹയില്‍ എത്തുമെന്നും അറിയിച്ചിരുന്നു. 2024 ജനുവരി 13ന് നടക്കുന്ന ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രേലിയയാണ് എതിരാളികള്‍.

ടൂര്‍ണമെന്റിനായി ഖത്തറില്‍ ആദ്യമെത്തിയ ടീമും ഇന്ത്യയാണ്. സഹലും ഛേത്രിയും അടങ്ങുന്ന ടീം പുറത്തേക്ക് വന്നതോടെ ആരാധകര്‍ ആര്‍പ്പുവിളിക്കുകയും ചെയ്തു. സുനില്‍ ഛേത്രി ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് ടീം ബസിലേക്ക് കയറിയത്.

Top