പെയിന്റ് ബോള്‍ കളിച്ച് ഇന്ത്യന്‍ ടീം; വിമര്‍ശനവുമായി ആരാധകര്‍

ലോകകപ്പിന് മുന്നോടിയായുള്ള പരിശീലനത്തിന് ഇടവേള നല്‍കി വിനോദ പരിപാടികളില്‍ മുഴുകി ഇന്ത്യന്‍ ടീം. സതാംപ്ടണില്‍ പെയിന്റ് ബോള്‍ കളിക്ക് പോയ ചിത്രങ്ങള്‍ കളിക്കാര്‍ തന്നെയാണ് പുറത്ത് വിട്ടത്. താരങ്ങള്‍ക്ക് ചിത്രങ്ങള്‍ പങ്ക് വെച്ചതിന് പിന്നാലെ ലോകകപ്പിനിടെയുള്ള ടീമിന്റെ നടപടി ശരിയായില്ലെന്ന വാദവുമായി വിമര്‍ശകരും രംഗത്ത് എത്തി.

ചായങ്ങള്‍ നിറച്ച വെടിയുണ്ടകള്‍ കൊണ്ടുള്ള വെടിവയ്പ്പാണ് പെയിന്റ് ബോള്‍ കളി. ശരിക്കും രസകരമായ ഒരു യുദ്ധം.ഫാസ്റ്റ് ബോളര്‍ ജസ്പ്രീത് ബൂമ്രയുടെ ട്വിറ്റര്‍ പേജില്‍ ആദ്യം ചിത്രമെത്തി. പിന്നാലെ മറ്റ് കളിക്കാരും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. ദേഹം മുഴുവന്‍ മറയ്ക്കുന്ന തരം പട്ടാളക്കുപ്പായത്തില്‍ പുഞ്ചിരിയോടെ താരങ്ങള്‍.

സതാംപ്ടണിലെ ഒരു കാട്ടിലായിരുന്നു ഇന്ത്യന്‍ ടീമിനായുള്ള പെയിന്റ് ബോള്‍ മത്സരം. കളിക്കാര്‍ക്കൊപ്പം സപ്പോര്‍ട്ടിംഗ് സ്റ്റാഫും മത്സരത്തിനിറങ്ങി.സതാംപ്ടണില്‍ മൂന്ന് ദിവസം മുന്‍പ് തന്നെയെത്തിയ ഇന്ത്യന്‍ ടീം എല്ലാ ദിവസവും ദീര്‍ഘനേരം പരിശീലനത്തിന് ഇറങ്ങിയിരുന്നു.

കഠിന പരിശീലനവും ആദ്യമത്സരത്തിനായുള്ള നീണ്ട കാത്തിരിപ്പും താരങ്ങളെ മാനസികമായി തളര്‍ത്തുമെന്നതു കൊണ്ടാണ് ടീം വിനോദ പരിപാടികളില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ ടീം ഇംഗ്ലണ്ടിലേയ്ക്ക് പോയത് പിക്‌നിക്കിനല്ലെന്നും ലോകകപ്പ് നേടാനാണെന്നും പറഞ്ഞ് വിമര്‍ശകരും രംഗത്ത് എത്തി. ശ്രദ്ധ ക്രിക്കറ്റില്‍ തന്നെയാണോ എന്നും അമിത ആത്മവിശ്വാസം വേണ്ടെന്നും പറഞ്ഞ മറ്റ് ചിലരും രംഗത്ത് എത്തി. എന്നാല്‍ വിമര്‍ശകരോട് ഒന്നും മറുപടി പറയാന്‍ താരങ്ങള്‍ തങ്ങളുടെ വിലപ്പെട്ട സമയം മെനക്കെടുത്തിയില്ല. ജൂണ്‍ 5ന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Top