ചായപ്പൊടിക്ക് സെലന്‍സ്‌കിയുടെ പേര്, യുക്രെയ്ന്‍ പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ ടീ കമ്പനിയുടെ വ്യത്യസ്തമായ പിന്തുണ

അസം: യുക്രെയ്ന്‍ പ്രധാനമന്ത്രി വൊളോഡിമിര്‍ സെലന്‍സ്‌കിക്ക് ആദര സൂചകമായി ചായ പൊടിക്ക് ‘സെലന്‍സ്‌കി’ എന്ന് പേര് നല്‍കി ആരോമാറ്റിക് ടീ കമ്പനി. അസം ആസ്ഥാനമായുളള സ്റ്റാര്‍ട്ടപ്പായ ആരോമാറ്റിക് ടീ കമ്പനിയാണ് വ്യത്യസ്തമായ പിന്തുണയറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. യുക്രയ്‌നെതിരെയുളള റഷ്യയുടെ അധിനിവേശത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം നിന്ന് യുദ്ധ മുഖത്ത് പോരാടിയ സെലന്‍സ്‌കിയുടെ ധൈര്യത്തെ ആദരിച്ചുകൊണ്ടാണ് പുതിയ ഉല്‍പ്പന്നത്തിന് അദ്ദേഹത്തിന്റെ പേര് ഇട്ടത്.

ചായപ്പൊടിക്ക് സെലന്‍സ്‌കിയെന്ന പേരിനൊപ്പം ‘റിയലി സ്ട്രോങ്’ എന്ന ടാഗ് ലൈനോടെയാണ് ബ്രാന്‍ഡ് ചെയ്തിരിക്കുന്നത്. സ്ട്രോങ് അസം ടീയായ ‘സെലെന്‍സ്‌കി’ എന്ന ബ്രാന്‍ഡ് ബുധനാഴ്ച പുറത്തിറക്കിയതായി ആരോമാറ്റിക് ടീയുടെ ഡയറക്ടര്‍ രഞ്ജിത് ബറുവ പറഞ്ഞു. അസം സിടിസി ടീയാണ് പാക്കറ്റില്‍ നല്‍കുന്നത്. ബ്രൂ ഓണ്‍ലൈനില്‍ ചായപ്പൊടി ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘യുക്രെയ്‌നില്‍ നിന്ന് രക്ഷപ്പെടാനുളള യുഎസിന്റെ വാഗ്ദാനം നിരസിച്ച യുക്രെയ്‌നിയന്‍ പ്രസിഡന്റിന്റെ വീര്യത്തെയും ധൈര്യത്തെയും ബഹുമാനിക്കുക എന്നതാണ് ഞങ്ങളുടെ അടിസ്ഥാന ആശയം. വിജയം വിദൂരമാണെന്ന് അറിഞ്ഞിട്ടും തനിക്ക് സൗജന്യ യാത്രയല്ല, വെടിമരുന്നാണ് ആവശ്യമെന്ന് പറഞ്ഞ സെലന്‍സ്‌കിയുടെ വീര്യത്തെയാണ് ഞങ്ങള്‍ ആദരിക്കുന്നത്. സെലന്‍സ്‌കിയുടെ സ്വഭാവവും വീര്യവും ഞങ്ങളുടെ സിടിസി ചായയും തമ്മില്‍ ഒരു സാമ്യം സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,’ ബറുവ പറഞ്ഞു.

ടീ ബോര്‍ഡ് ഡാറ്റ അനുസരിച്ച്, 2021 ല്‍ 34.09 ദശലക്ഷം കിലോഗ്രാം ബ്രൂ ആണ് റഷ്യ ഇറക്കുമതി ചെയ്തത്. യുക്രെയ്‌നാകട്ടെ, ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് 1.73 ദശലക്ഷം കിലോ തേയിലയാണ് ഇറക്കുമതി ചെയ്തത്. തേയിലത്തോട്ടക്കാരും കയറ്റുമതിക്കാരും യുദ്ധത്തിനിടയില്‍ റഷ്യയിലേക്കുള്ള കയറ്റുമതിയില്‍ ഉണ്ടായേക്കാവുന്ന ആഘാതത്തെക്കുറിച്ച് അടുത്തിടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. റഷ്യയ്ക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതോടെ സാധാരണയായി ഡോളറിലുള്ള പേയ്മെന്റുകളെ ബാധിക്കുമെന്ന് കയറ്റുമതിക്കാര്‍ ഭയപ്പെടുന്നു.

Top