നിങ്ങള്‍ ഇതര്‍ഹിക്കുന്നു; ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍ക്ക് യാത്രക്കാരുടെ മര്‍ദ്ദനം

മെല്‍ബണ്‍: ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍ക്ക് നേരെ ഓസ്‌ട്രേലിയയില്‍ ആക്രമണം.

ഇരുപത്തഞ്ചുകാരനായ പര്‍ദീപ് സിങാണ് രണ്ടു യാത്രക്കാരുടെ ആക്രമണത്തിന് ഇരയായത്. ഓസ്‌ട്രേലിയയില്‍ ഹോസ്പിറ്റാലിറ്റി വിദ്യാര്‍ഥി കൂടിയാണ് പര്‍ദീപ്.

ആക്രമിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. പര്‍ദീപിനെതിരെ വംശീയാധിക്ഷേപവും ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ . ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം മര്‍ദനമേല്‍ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ടാക്‌സി ഡ്രൈവറാണ് പര്‍ദീപ്.

ശനിയാഴ്ച രാത്രിയാണ് പര്‍ദീപിന് എതിരെ ആക്രമണമുണ്ടായത്. ടാക്‌സിയില്‍ കയറിയ യാത്രക്കാരി ഛര്‍ദ്ദിക്കാന്‍ തുടങ്ങിയപ്പോള്‍ ടാക്‌സിക്ക് പുറത്തിറങ്ങണമെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. കാര്‍ വൃത്തികേടാക്കിയാല്‍ ക്ലീനിങ് ചാര്‍ജ് നല്‍കണമെന്ന് താന്‍ പറഞ്ഞെന്നും ഇതേത്തുടര്‍ന്ന് സ്ത്രീയും പുരുഷനും തന്നെ ആക്രമിക്കുകയായിരുന്നെന്ന് പര്‍ദീപ് വ്യക്തമാക്കി.

യാത്രക്കാര്‍ രണ്ടുപേരും തന്നെ അടിക്കുകയും ചവിട്ടുകയും ചെയ്തതായി പര്‍ദീപ് പറഞ്ഞു. ‘നിങ്ങള്‍ ഇന്ത്യക്കാര്‍ ഇതര്‍ഹിക്കുന്നു’ എന്നു പറഞ്ഞായിരുന്നു മര്‍ദനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മര്‍ദനമേറ്റതിനെ തുടര്‍ന്ന് പര്‍ദീപ് റോയല്‍ ഹൊബാര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയും പുരുഷനും അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവരെ ജൂണ്‍ 26ന് കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.

Top