ഹൂസ്റ്റണിലെ വെള്ളപ്പൊക്കത്തില്‍ അകപെട്ടവരിൽ 200 ഇന്ത്യൻ വിദ്യാർത്ഥികളും

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 200 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അകപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

വെള്ളപ്പൊക്കത്തില്‍ അകപെട്ട വിദ്യാര്‍ഥികകളെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിവരികയാണെന്നും സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

ഹൂസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നവരാണ് ഈ വിദ്യാര്‍ഥികള്‍.

അവിടെ കുടുങ്ങിയവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് വേണമെന്നതിനാല്‍ ഭക്ഷണ വിതരണത്തിന് വിട്ടുനല്‍കാന്‍ കഴിയില്ലെന്നാണ് യുഎസ് തീരദേശസേനയുടെ നിലപാടെന്ന് സുഷമ പറഞ്ഞു.

ശാലിനി, നിഖില്‍ ഭാട്യ എന്നീ വിദ്യാര്‍ഥികള്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടികളുടെ ബന്ധുക്കള്‍ക്ക് എത്രയും പെട്ടെന്ന് അവിടെയെത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും സുഷമ സ്വരാജ് അറിയിച്ചു.

ഹാര്‍വി ചുഴലിക്കാറ്റിനൊപ്പമെത്തിയ മഴയും മണ്ണിടിച്ചിലും ടെക്‌സാസിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്.

50 വര്‍ഷത്തിനിടെ ടെക്‌സസ് നേരിടുന്ന വലിയ ചുഴലിക്കാറ്റാണിത്. നഗരത്തില്‍ വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനങ്ങളും തകരാറിലായി.

ഹൂസ്റ്റണ്‍ നഗരത്തില്‍ തകര്‍ന്ന വീടുകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും ആയിരത്തിലധികം പേരെയാണ്‌ രക്ഷപ്പെടുത്തിയത്.

ടെക്‌സാസില്‍ ബുധനാഴ്ച വരെ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.എന്നാല്‍ തീരത്തെത്തിയ കൊടുങ്കാറ്റിന്റെ തീവ്രത കുറഞ്ഞതായും കേന്ദ്രം അറിയിച്ചു.

ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാൽ ഹൂസ്റ്റണ്‍ നഗരത്തില്‍ റോഡുകളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്‌.

Top