ഇന്ത്യൻ സ്ട്രൈക്കർ ഇഷാൻ പണ്ഡിത കേരള ബ്ലാസ്റ്റേഴ്‌സിൽ

കൊച്ചി: ഇന്ത്യൻ സ്ട്രൈക്കർ ഇഷാൻ പണ്ഡിത ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിൽ. രണ്ട് വർഷത്തെ കരാറാണ് താരം മഞ്ഞപ്പടയ്‌ക്കൊപ്പം ഒപ്പിട്ടിരിക്കുന്നത്. ജംഷഡ്‌പൂർ എഫ്‌സിയിൽ നിന്നാണ് പണ്ഡിതയുടെ കൂടുമാറ്റം. ഐസ്എല്‍ 2023-24 സീസണിന് മുമ്പ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന ഏറ്റവും വലിയ സൈനിംഗുകളിലൊന്നാണിത്. ഇന്ത്യന്‍ ജേഴ്‌സിയില്‍ ആറ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള പണ്ഡിത എഫ്‌സി ഗോവയുടേയും താരമായിരുന്നു. ക്ലബ് കരിയറിലാകെ 69 മത്സരങ്ങള്‍ കളിച്ച പണ്ഡിത 13 തവണ വലകുലുക്കി.

സ്‌പെയിനില്‍ ജൂനിയര്‍ തലത്തില്‍ ക്ലബ് പരിചയമുള്ള താരമാണ് ഇഷാന്‍ പണ്ഡിത. ആറ് വര്‍ഷം സ്‌പെയിനില്‍ ചിലവഴിച്ച താരം അവിടെ വിവിധ ലോവര്‍ ഡിവിഷന്‍ ക്ലബുകള്‍ക്കായി കളിച്ചു. പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഐഎസ്എല്ലില്‍ അരങ്ങേറിയ 2020- 21 സീസണില്‍ എഫ്‌സി ഗോവയ്ക്കായി 11 കളികളില്‍ 4 ഗോളുകള്‍ നേടി. ഇതിന് ശേഷം ജംഷഡ്‌പൂര്‍ എഫ്‌സിയിലേക്ക് ചേക്കേറിയ താരം 34 മത്സരങ്ങളില്‍ 5 തവണ വലകുലുക്കി. ജംഷഡ്‌പൂരിലെ രണ്ട് വര്‍ഷ കരാര്‍ പൂര്‍ത്തിയാക്കിയാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നത്.

ഐഎസ്എല്ലില്‍ തന്റെ ആദ്യ സീസണിലെ പ്രകടനം കൊണ്ടുതന്നെ മനംകവര്‍ന്ന ഇഷാന്‍ പണ്ഡിതയ്‌ക്ക് 2021 മാര്‍ച്ചിലാദ്യമായി ദേശീയ ടീമിലേക്ക് ക്ഷണം കിട്ടി. ഒമാനും യുഎഇയ്‌ക്കും എതിരായ മത്സരങ്ങള്‍ക്കുള്ള ടീമിലേക്കാണ് തെര‍ഞ്ഞെടുക്കപ്പെട്ടത്. ഒമാനെതിരെ ഇന്ത്യ 1-1ന് സമനില വഴങ്ങിയ മത്സരത്തില്‍ ഇഷാന്‍ പണ്ഡിത അരങ്ങേറി. 2023 എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ഹോങ്കോംഗിന് എതിരായ മത്സരത്തിലൂടെയായിരുന്നു താരത്തിന്റെ ആദ്യ രാജ്യാന്തര ഗോള്‍. അവസാന നിമിഷങ്ങളിലിറങ്ങി സൂപ്പര്‍ സബ്സ്റ്റിറ്റ്യൂട്ടായി ഗോളുകള്‍ കണ്ടെത്താന്‍ മിടുക്കുള്ള താരമാണ് ഇഷാന്‍ പണ്ഡിത. അതിവേഗ കളിക്ക് ശ്രദ്ധേയനായ പണ്ഡിതയുടെ വരവ് ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങള്‍ക്ക് കരുത്താകും എന്നാണ് പ്രതീക്ഷ.

Top