കോവിഡ് ഇംപാക്ട്; ഇന്ത്യന്‍ വിപണി വരും ദിവസങ്ങളില്‍ നേട്ടം കൊയ്‌തേക്കാം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളവിപണിയില്‍ എണ്ണ വില ഇടിഞ്ഞിരിക്കുകയാണ്. കോവിഡ് ഭീതി ഉയര്‍ത്തുന്ന ഈ വെല്ലുവിളികള്‍ക്കിടയില്‍ എണ്ണവില അടുത്തൊന്നും ഉയര്‍ന്നേക്കില്ല എന്ന വിപണി ചിന്ത ശക്തമാകുന്നതും വിദേശ നിക്ഷേപകര്‍ ഫണ്ടുമായി തിരികെയെത്തുന്നതും ഇന്ത്യന്‍ വിപണിക്കനുകൂലമാണ് ഉണ്ടാക്കുക.

വിദേശ ഫണ്ടുകള്‍ തിരികെയെത്തുന്നത് രൂപയുടെ മൂല്യമുയര്‍ത്തുമെന്നും വിപണി കരുതുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കഴിഞ്ഞ മുപ്പതു ദിവസത്തിനുള്ളില്‍ ഉയര്‍ന്നത് 236 ഡോളറാണ്, അതായത് 15% ല്‍ കൂടുതല്‍ വളര്‍ച്ചയാണുണ്ടായത്. വെള്ളിയാഴ്ചത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പ്രഖ്യാപനങ്ങളുടെ വെളിച്ചത്തില്‍ ഓഹരി വിപണി വീണ്ടും ശക്തിപ്പെടുന്നത് സ്വര്‍ണവിലയില്‍ തിരുത്തലുണ്ടാക്കിയേക്കും.

മാര്‍ച്ചിലെ പണപ്പെരുപ്പത്തോത് കുറഞ്ഞതും ഇന്ത്യയുടെ 2020ലെ ജിഡിപി വളര്‍ച്ച 1.9% ആയിരിക്കുമെന്ന ഐഎംഎഫിന്റെ അനുകൂല പ്രവചനവും വിപണിക്ക് പൊതുവില്‍ ഗുണകരമാണ് എന്നാണ് കാണിക്കുന്നത്.

ഇന്ത്യയില്‍ ഈ കൊല്ലം കൃത്യമായ കാലവര്‍ഷം ലഭ്യമാകുമെന്ന ഐഎംഡിയുടെ റിപ്പോര്‍ട്ടും വിപണിക്കനുകൂലമാണ്. ഇന്ത്യന്‍ മെറ്റീരിയോളോജിക്കല്‍ ഡിപ്പാര്‍ട്‌മെന്റിന്റെ പഠനപ്രകാരം സാധരണനിലയില്‍ നിന്നു 96% മഴയാണ് ഇക്കൊല്ലം ഇന്ത്യയില്‍ ലഭ്യമാകുക.

കൂടുതല്‍ ഉത്തേജന പാക്കേജുകള്‍ അണിയറയില്‍ തയാറാകുന്നുണ്ട് എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. കൂടാതെ പണലഭ്യത ഉറപ്പാക്കാനായി റിസര്‍വ് ബാങ്ക് വീണ്ടും മികച്ച ഇടപെടലുകള്‍ നടത്തുമെന്ന ആര്‍ബിഐ ഗവര്‍ണറുടെ വെള്ളിയാഴ്ചത്തെ പ്രഖ്യാപനവും അനുകൂലമാണ്.

അമേരിക്കന്‍, ചൈനീസ് സര്‍ക്കാരുകളുടെ അടുത്ത തല വിപണി ഇടപെടലുകളും ആഗോളവിപണിയിലെന്ന പോലെ ഇന്ത്യന്‍ വിപണിയിലും ഓളങ്ങളുണ്ടാകുമെന്നു കരുതുന്നു. നിഫ്റ്റി 9600 9800 നിലയില്‍ എത്തുമ്പോള്‍ വിപണിയില്‍ കനത്ത ലാഭമെടുപ്പിനുള്ള സാധ്യത പ്രതീക്ഷിക്കാം.

Top