മിക്‌സഡ് മീഡിയ സോണിലെത്തിയില്ല; ബിസിസിഐയ്ക്ക് ഐസിസിയുടെ കത്ത്

മിക്‌സഡ് മീഡിയ സോണിലെത്താത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നീക്കത്തില്‍ ലോകകപ്പ് സംഘാടകര്‍ അസന്തുഷ്ടരാണെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐക്ക്, അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ കത്തയച്ചെന്ന് റിപ്പോര്‍ട്ട്.

ഐസിസിയുടെ പുതിയ ചട്ടമനുസരിച്ച് ലോകകപ്പ് മത്സരങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംവദിക്കാന്‍ ഇരു ടീമിലേയും താരങ്ങള്‍ മിക്‌സഡ് മീഡിയ സോണിലെത്തണം. പക്ഷേ ന്യൂസിലന്‍ഡിനെതിരെ നടന്ന ആദ്യ സന്നാഹ മത്സരത്തിന് ശേഷം ഒരിന്ത്യന്‍ താരം പോലും മിക്‌സഡ് മീഡിയ സോണിലെത്തിയിരുന്നില്ല.

ഐസിസി ക്രിക്കറ്റില്‍ മിക്‌സഡ് മീഡിയ സോണ്‍ രീതി കൊണ്ടു വരുന്നത് 2017 ലെ ചാമ്പ്യന്‍സ് ട്രോഫി മുതലാണ്. മത്സരത്തില്‍ ജയിച്ചാലും തോറ്റാലും ടീമിലെ അംഗങ്ങളെ എല്ലാവരെയും മത്സര ശേഷം മിക്‌സഡ് മീഡിയ സോണിലേക്ക് അയക്കണമെന്ന് ഐസിസി, ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. എന്നാല്‍ മെയ് 25ന് നടന്ന ഇന്ത്യ- ന്യൂസിലാന്‍ഡ് സന്നാഹ മത്സരത്തിന് ശേഷം ഒരിന്ത്യന്‍ താരം പോലും മീഡിയ സോണിലെത്തിയില്ല.

ഇന്ത്യന്‍ താരങ്ങള്‍ മിക്‌സഡ് മീഡിയ സോണിലേക്കെത്താതിരുന്നത് വലിയ ചര്‍ച്ചയായതോടെ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയോട് ഐസിസി വിശദീകരണം ചോദിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യ-ബംഗ്ലാദേശ് സന്നാഹ മത്സരത്തിന് ശേഷം കുറച്ച് ഇന്ത്യന്‍ താരങ്ങള്‍ മീഡിയാ സോണില്‍ എത്തിയിരുന്നു.

Top