ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജുവിന് ഇടമില്ല

കൊളംബോ : ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സിലക്ഷൻ കമ്മിറ്റി തലവൻ അജിത് അഗാർക്കർ, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർ ശ്രീലങ്കയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണു ടീം പ്രഖ്യാപനം. മലയാളി താരം സഞ്ജു സാംസണ് 15 അംഗ ടീമിൽ ഇടം ലഭിച്ചില്ല. അതേസമയം പരുക്കുമാറി തിരിച്ചെത്തുന്ന കെ.എൽ. രാഹുൽ, ജസ്പ്രീത് ബുമ്ര എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രോഹിത് ശർമ നയിക്കുന്ന ടീമിൽ ഹാർദിക് പാണ്ഡ്യയാണു വൈസ് ക്യാപ്റ്റൻ. യുസ്‍വേന്ദ്ര ചെഹൽ, തിലക് വർമ എന്നിവരും ലോകകപ്പ് ടീമിൽ ഇല്ല. ഇഷാൻ കിഷനും സൂര്യകുമാർ യാദവും പരുക്കുമാറിയെത്തുന്ന ശ്രേയസ് അയ്യരും ലോകകപ്പ് കളിക്കും. നാല് പേസർമാരാണു ടീമിലുള്ളത്. ഒക്ടോബർ അഞ്ചിനാണ് ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നത്. ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിലാണ് ആദ്യ പോരാട്ടം. ഒക്ടോബർ എട്ടിന് ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ ആദ്യ മത്സരം കളിക്കും. 14നാണ് ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം.

ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോലി, ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ഷാർദൂൽ ഠാക്കൂർ, അക്ഷർ പട്ടേൽ, ഇഷാൻ കിഷൻ, സൂര്യകുമാര്‍ യാദവ്.

Top