സ്പിൻ ‘വകഭേദ’ത്തിൽ വലഞ്ഞ് ന്യൂസിലാന്റ് ; നാലാം ദിനം നിർണായകം

ന്ത്യൻ ബോളിങ്ങിനെതിരെ കിവീസ് ബാറ്റർമാരുടെ പ്രതിരോധശേഷിക്ക് ഒരു ദിവസം മാത്രമായിരുന്നു ആയുസ്സ്. ശൈലി മാറ്റത്തിലൂടെ, മൂർച്ച കൂട്ടിയെത്തിയ ഇന്ത്യൻ സ്പിൻ ബോളിങ്ങിന്റെ ‘വകഭേദം’ ഇന്നലെ അവരെ കറക്കിവീഴ്ത്തി. ഇടംകൈ സ്പിന്നർ അക്ഷർ പട്ടേലിന്റെയും (5 വിക്കറ്റ്) ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെയും പന്തുകൾക്കു മുൻപിൽ ബാറ്റർമാർ മുട്ടിടിച്ചു വീണതോടെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡ് 296 റൺസിനു പുറത്തായി. വിക്കറ്റ് നഷ്ടമില്ലാതെ 151 എന്ന നിലയിലായിരുന്ന സന്ദർശകർക്കു തുടർന്നു 145 റൺ‌സിനിടെ 10 വിക്കറ്റുകൾ നഷ്ടമായി. 49 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 14 റൺസെടുത്തു. ശുഭ്മൻ ഗില്ലാണ്  (1) പുറത്തായത്.

വിക്കറ്റ് നഷ്ടമില്ലാതെ 129 എന്ന മികച്ച സ്കോറിന്റെ ആത്മവിശ്വാസത്തിൽ 3–ാം ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലൻഡ് ആദ്യ 10 ഓവറിൽ നഷ്ടങ്ങളില്ലാതെ പിടിച്ചുനിന്നു. വിൽ യങ്ങിനെ (89) പുറത്താക്കി അശ്വിനാണ് ആദ്യ പ്രഹരമേൽപിച്ചത്. ന്യൂബോളിൽ പന്തെറിയാനെത്തിയ ഉമേഷ് യാദവ് ആദ്യ ഓവറിൽ തന്നെ നായകൻ കെയ്ൻ വില്യംസനെ വിക്കറ്റിനു മുൻപിൽ കുരുക്കി (18).

റോസ് ടെയ്‌ലറെ പുറത്താക്കിയാണ് (11) അക്ഷർ പട്ടേൽ തന്റെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. ഹെൻ‌റി നിക്കോൾസ് (2), ടോം ലാതം (95) എന്നിവരെ പിന്നാലെ വീഴ്ത്തി. വെറും 13 റൺസിനുള്ളിലായിരുന്നു അക്ഷറിന്റെ ആദ്യ 3 വിക്കറ്റുകൾ‌. 94 പന്തിൽ 13 റൺസുമായി ടോം ബ്ലണ്ടൽ നടത്തിയ ചെറുത്തുനിൽപ് അവസാനിപ്പിച്ചതും അക്ഷറാണ്. നേരത്തേ ഇന്ത്യൻ ഇന്നിങ്സിൽ 5 വിക്കറ്റ് നേടിയ ടിം സൗത്തിയായിരുന്നു ഇന്നലെ അക്ഷറിന്റെ അ​ഞ്ചാമത്തെ ഇര.

വൃദ്ധിമാൻ സാഹയ്ക്കു പരുക്കേറ്റതിനെത്തുടർന്നു സബ്സ്റ്റിറ്റ്യൂട്ട് വിക്കറ്റ് കീപ്പറായെത്തിയ കെ.എസ്.ഭരത് ഒരു സ്റ്റംപിങ്ങും 2 ക്യാച്ചുകളുമായി കളംനിറഞ്ഞു. മറുപടി ബാറ്റിങ്ങിൽ പേസർ കൈൽ ജയ്മിസൻ എറിഞ്ഞ രണ്ടാം ഓവറിൽ ഗിൽ പുറത്തായി. മയാങ്ക് അഗർവാൾ (4), ചേതേശ്വർ പൂജാര (9) എന്നിവരാണു ക്രീസിൽ. നാലാം ദിനമായ ഇന്ന് അതിവേഗത്തിൽ ലീഡുയർത്തിയശേഷം അവസാന സെഷനിൽ കിവീസിനെ ബാറ്റിങ്ങിന് അയയ്ക്കാനാകും ഇന്ത്യയുടെ ശ്രമം.

Top