indian-space-research organisation isro pslv c37 space sriharikota multiple nano satellite launch

ശ്രീഹരിക്കോട്ട:ലോക രാഷ്ട്രങ്ങളെ ഞെട്ടിച്ച് ശാസ്ത്ര-സാങ്കേതിക രംഗത്ത് പുതിയ ചരിത്രം രചിച്ച് ഇന്ത്യ.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) ഒറ്റയടിക്ക് 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. പിഎസ്എല്‍വി സി37 റോക്കറ്റാണ് ഇത്രയും ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് ഒരുമിച്ച് വഹിച്ചത്.ലോക ചരിത്രത്തിലെ പുതിയ റിക്കോര്‍ഡാണിത്.

അന്താരാഷ്ട്ര ബഹിരാകാശചരിത്രത്തില്‍ ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെന്നത് ആദ്യ സംഭവമാണ്. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളും ആറു വിദേശ രാജ്യങ്ങളുടെ 101 സാറ്റ്‌ലൈറ്റുകളുമാണ് വിക്ഷേപിച്ചത്. ഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 1500 കിലോഗ്രാം ഭാരമാണ് ഉള്ളത്. ബുധനാഴ്ച രാവിലെ 9.28 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് കേന്ദ്രത്തില്‍ നിന്ന് ഉപഗ്രഹങ്ങളും വഹിച്ച് പിഎസ്എല്‍വി കുതിച്ചുയര്‍ന്നത്.

ഐഎസ്ആര്‍ഒയുടെ വിശ്വസ്ത വാഹനമായ പിഎസ്എല്‍വിയുടെ മുപ്പത്തൊമ്പതാം ദൗത്യമാണ് സി37. ഒറ്റയടിക്ക് 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. പിന്നീട് 21 വിദേശ ഉപഗ്രഹങ്ങള്‍കൂടി ചേര്‍ന്നു. ഇതേ തുടര്‍ന്നാണ് 2016 ഡിസംബര്‍ 26 ല്‍ നിന്ന് വിക്ഷേപണം 2017 ഫെബ്രുവരി 15 ലേക്ക് മാറ്റിയത്.പിഎസ്എല്‍വിയില്‍ വിക്ഷേപിച്ച 104 ഉപഗ്രഹങ്ങളില്‍ 80 എണ്ണം അമേരിക്കയുടേതാണ്.

ഭൂമിയെ നിരീക്ഷിക്കാനുള്ള ഉപഗ്രഹ സമൂഹമാണിവ. ഇതുകൂടാതെ ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, യുഎഇ അടക്കമുള്ള രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമുണ്ട്.

ഇന്ത്യയുടെ മൂന്ന് സാറ്റ്‌ലൈറ്റുകളില്‍ കാര്‍ട്ടോസാറ്റ് രണ്ട് ശ്രേണിയിലെ ഉപഗ്രഹത്തിന് മാത്രം 714 കിലോയാണ് ഭാരം. ഐഎന്‍എസ് ഒന്ന് എ, ഐഎന്‍എസ് ഒന്ന് ബി എന്നിവയ്ക്ക് 18 കിലോ വീതം ഭാരവുമുണ്ട്.

20 ഉപഗ്രഹങ്ങളെ ഒരുമിച്ച് കഴിഞ്ഞ വര്‍ഷം ഭ്രമണപഥത്തിലെത്തിച്ചതാണ് ഐഎസ്ആര്‍ഒയുടെ ഇതുവരെയുള്ള വലിയ ദൗത്യം. 2014 ല്‍ ഒറ്റ വിക്ഷേപണത്തില്‍ 37 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ച റഷ്യയാണ് നിലവില്‍ മുന്നില്‍. യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ ഒറ്റ വിക്ഷേപണത്തില്‍ 29 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ഈ ചരിത്രനേട്ടം അമേരിക്കയുടെ ബഹിരാകാശ സംഘടനയായ നാസയെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

Top